ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (EVM) ഇറക്കുമതി ചെയ്തതാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൗത്ത് ആഫ്രിക്കയില്‍ നിന്നുമാണ് വോട്ടിങ് മെഷീനുകള്‍ ഇറക്കുമതി ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണം കൃത്യതയില്ലാത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇത്തരം തെറ്റായ വിവരങ്ങളുടെ ഉറവിടം തുറന്ന് കാട്ടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് മെഷീനുകള്‍ തയ്യാറാക്കുന്ന ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിര്‍മിച്ച പുതിയ വോട്ടിങ് മെഷീനുകളാണിത്.
ഉത്തരവാദിത്തമുള്ള പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ഇത്തരം കിംവദന്തികള്‍ പുറത്ത് കൊണ്ട് വരണം. സൗത്ത് ആഫ്രിക്കയിലേക്ക് മെഷീനുകള്‍ അയച്ചിട്ടില്ല. ആ രാജ്യം ഇത് ഉപയോഗിക്കുന്നുമില്ല.
കര്‍ണാടകയില്‍ പുതിയ മെഷീനുകളാണ് ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം,’ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
മെയ് 8ന് തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിലാണ് മെഷീനുകളെ കുറിച്ചുള്ള ആശങ്കകള്‍ സുര്‍ജേവാല പങ്കുവെച്ചത്.
എന്നാല്‍ ഇ.വി.എം പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ദേശീയ- സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിതികളോടും മെഷീനുകള്‍ എടുക്കുന്ന സ്ഥലത്തെ കുറിച്ച് പറയാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രാതിനിത്യം ഉറപ്പിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
മെയ് 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടകയില്‍ ആകെ 224 മണ്ഡലങ്ങളാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും കേവലഭൂരിപക്ഷമില്ലെങ്കില്‍ ജെ.ഡി.എസാകും കര്‍ണാടകയില്‍ കിങ്മേക്കറാകുക. 65.69 ശതമാനം പോളിങ്ങാണ് ഉണ്ടായത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു.