കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല
Karnataka Election
കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th May 2018, 12:29 pm

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല.
മാസ്‌ക്ക് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി പ്രതാഭ് ഗൗഡ പാട്ടീലും വിജയ നഗര മണ്ഡലത്തല്‍ നിന്നുള്ള പ്രതിനിധി ആനന്ദ് സിങ്ങുമാണ് സഭയിലെത്താത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

ഇതില്‍ ആനന്ദ് സിങ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. അഞ്ച് അംഗങ്ങള്‍ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് മുന്‍പ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കണം. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.


Read Also : പ്രോടേം സ്പീക്കര്‍, അന്ന് യെദ്യൂരപ്പയെ രക്ഷിച്ചെടുത്ത അതേ ബൊപ്പയ്യ; വിശ്വാസ വോട്ടിന് മണിക്കൂറുകള്‍ മാത്രം: എല്ലാ കണ്ണും വിധാന്‍ സൗധയിലേക്ക്


 

അതേസമയം വിശ്വാസവോട്ടെടുപ്പ് സമയത്ത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തി എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടിക്രമങ്ങളിലേക്കടക്കം ബി.ജെ.പി സര്‍ക്കാര്‍ നീങ്ങുമോ എന്ന ആശങ്ക കോണ്‍ഗ്രസിനും ജെ.ഡി.എസിനുമുണ്ട്. ഇത്തരത്തില്‍ വോട്ടെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിക്ക് അനുകൂലമായ ഒരു ഫലമുണ്ടാക്കാനാണ് കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് എന്നാണ് കോണ്‍ഗ്രസ്സും ജെ.ഡി.എസും വിശ്വസിക്കുന്നത്. ആ ആശങ്കയുള്ളതുകൊണ്ട്, സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും ഉള്‍പ്പെടെയുള്ള എല്ലാ സഭാനടപടികളും കാമറയില്‍ പകര്‍ത്തുക എന്നൊരു ആവശ്യം അവര്‍ മുന്നോട്ടുവെച്ചത്.