ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതോളം സീറ്റുകളില്‍ സി.പി.ഐ.എം ഉള്‍പ്പെടുന്ന ഇടത് മുന്നണി മത്സരിക്കും. മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ യെച്ചൂരി തയ്യാറായില്ല. ഇവിടങ്ങളില്‍ കോണ്‍ഗ്രസിനോ ജെ.ഡി.എസിനോ ഇടത് പിന്തുണ ലഭിക്കുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയിക്കുന്ന ഘടകമായാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും തുറന്ന പോരാട്ടമാണ് നടത്തുന്നത്. എച്ച്.ഡി. ദേവ ഗൗഡയുടെ ജനതാദള്‍ സെക്കുലറും അസദുദ്ദീന്‍ ഉവെസിയുടെ എ.ഐ.എംഐ.എം പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 15നാണ് വോട്ടെണ്ണല്‍.
മെയ് 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43 ഉം ജെ.ഡി.എസിന് 37 ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.എസ് യെദ്യൂരപ്പയാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു.