| Saturday, 13th May 2023, 11:30 am

50 ശതമാനം വോട്ടെണ്ണി; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് ക്യാമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എട്ട് റൗണ്ട് പൂര്‍ത്തിയായി. 16 റൗണ്ടായിട്ടാണ് ഒരു മണ്ഡലത്തിലെ വോട്ടെണ്ണുക. 50 ശതമാനം വോട്ടെണ്ണിയ ഈ സമയം 44 ശതമാനം വോട്ടുമായി കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്.

കോണ്‍ഗ്രസ്- 120, ബി.ജെ.പി- 72, ജെ.ഡി.എസ്- 22, മറ്റുള്ളവര്‍ -ഏഴ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മധ്യകര്‍ണാടകയിലടക്കം മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 224 അംഗ നിയമസഭയില്‍ 113 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഫലം പുറത്തുവരുന്നതിനിടെ ബെംഗളൂരുവിലേക്ക് എത്താന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരെ സമീപിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ തുടക്കത്തിലെ തടയാന്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

അതേസമയം, കര്‍ണാടകയില്‍ പാര്‍ട്ടി ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. ജെ.ഡി.എസിന്റെ പിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടകയില്‍ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത് ജോഡോ യാത്രയും തമ്മിലായിരുന്നു. ഭാരത് ജോഡോ യാത്ര വിജയിച്ചു. മിസ്റ്റര്‍ മോദിയുടെ വിഭജന രാഷ്ട്രീയം പരാജയപ്പെട്ടു,’ പവന്‍ ഖേര പറഞ്ഞു.

Content Highlight: Karnataka Election result update, eight rounds of Karnataka assembly elections have been completed

We use cookies to give you the best possible experience. Learn more