ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എട്ട് റൗണ്ട് പൂര്‍ത്തിയായി. 16 റൗണ്ടായിട്ടാണ് ഒരു മണ്ഡലത്തിലെ വോട്ടെണ്ണുക. 50 ശതമാനം വോട്ടെണ്ണിയ ഈ സമയം 44 ശതമാനം വോട്ടുമായി കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്.
കോണ്‍ഗ്രസ്- 120, ബി.ജെ.പി- 72, ജെ.ഡി.എസ്- 22, മറ്റുള്ളവര്‍ -ഏഴ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മധ്യകര്‍ണാടകയിലടക്കം മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 224 അംഗ നിയമസഭയില്‍ 113 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
അതേസമയം, കര്‍ണാടകയില്‍ പാര്‍ട്ടി ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. ജെ.ഡി.എസിന്റെ പിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കര്‍ണാടകയില്‍ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത് ജോഡോ യാത്രയും തമ്മിലായിരുന്നു. ഭാരത് ജോഡോ യാത്ര വിജയിച്ചു. മിസ്റ്റര്‍ മോദിയുടെ വിഭജന രാഷ്ട്രീയം പരാജയപ്പെട്ടു,’ പവന്‍ ഖേര പറഞ്ഞു.