ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. മെയ് 10ന് കര്‍ണാടകക്കാര്‍ എഴുതിയ വിധിയാണ് ഇന്ന് അറിയാന്‍ പോകുന്നത്.
224 മണ്ഡലങ്ങളിലെ 2163 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് ഇന്ന് അറിയുക. പ്രധാനമായും ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. നിലവില്‍ ബി.ജെ.പി-120, കോണ്‍ഗ്രസ്-69, ജെ.ഡി.എസ്-32 എന്നിങ്ങനെയാണ് കക്ഷിനില.
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തൂക്ക് സഭയ്ക്ക് സാധ്യതയെന്ന സൂചനകളാണ് വന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വ്യക്തമായ മുന്‍തൂക്കമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. തൂക്കുസഭയാണ് പ്രവചനമെങ്കിലും നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണ് ഫലങ്ങള്‍ പ്രവചിച്ചത്.
റിപ്പബ്ലിക്ക് ടി.വി പുറത്ത് വിട്ട എക്സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റും ബി.ജെ.പിക്ക് 85 മുതല്‍ 100 സീറ്റുമാണ് പ്രവചിക്കുന്നത്. ജെ.ഡി.എസ് 24-32 സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ന്യൂസ് നേഷന്റെ എക്സിറ്റ്പോള്‍ ഫലത്തില്‍ ബി.ജെ.പി 114 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് 86 ഉം ജെ.ഡി.എസ് 21ഉം മറ്റുള്ളവര്‍ മൂന്നും നേടുമെന്നാണ് പ്രവചനം. സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. ബി.ജെപി-79-94,ജെ.ഡി.എസ് 25-33, മറ്റുള്ളവര്‍ 2-5 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.