| Tuesday, 15th May 2018, 5:15 pm

ഇന്ത്യന്‍ ഫാഷിസത്തെ തടയാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ-ഒരുമിച്ച് നില്‍ക്കുക എന്നത്, ഇതാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പാഠം

ശ്രീജിത്ത് ദിവാകരന്‍

ഇതെഴുതുമ്പോഴും ചര്‍ച്ച ബാക്കിയാണ്. കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്നാല്‍ ബി.ജെ.പി ഭരണത്തില്‍ വരുന്നത് തടയാനാകും. ആര്‍.എസ്.എസുകാരനായ വാജുഭായ് വാല ഗവര്‍ണറായി ഇരിക്കുമ്പോള്‍ തീരുമാനം എങ്ങനെയാകുമെന്ന് കണ്ടറിയണം. സോണിയഗാന്ധിയും ഗുലാംനബി ആസാദും ദേവഗൗഡയുമായി സംസാരിക്കുയും കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ വെട്ടിലായ ബി.ജെ.പിയും യെദ്യൂരപ്പയുടെ എതിര്‍പ്പ് മറികടന്ന് ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുമാരസ്വാമി കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങാന്‍ തീരുമാനിച്ചതാണ് അവസാന അറിവ്. എന്നാല്‍ സമകാലികാനുഭവ ചരിത്രം വച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറിച്ച് ആലോചിക്കുമ്പോഴേയ്ക്കും സര്‍ക്കാര്‍ ബി.ജെ.പി ഉണ്ടാക്കിയിരിക്കും.

കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് സര്‍ക്കാര്‍ കുമാരസ്വമിയുടെ നേതൃത്വത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ജനതാദള്‍ എസിനും വൊക്കലിഗ സമ്മര്‍ദ്ദഗ്രൂപ്പിനും മാത്രം ലാഭമുണ്ടായ തെരഞ്ഞെടുപ്പാണ്. ഏറ്റവും നഷ്ടം പറ്റിയത് കോണ്‍ഗ്രസിനും. എങ്കിലും ഫാഷിസത്തിനെതിരായ പോരാട്ടത്തിനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബുദ്ധിയും പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് വന്നുചേര്‍ന്ന അവസരമാണിത്. 2019-ലെ തെരഞ്ഞെടുപ്പിനെ അതീവ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും. പക്ഷേ ഇതുവരെയുള്ള ഫലം വച്ചുനോക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പ് നമ്മോട് പറയുന്ന ഒരേയൊരു പാഠമേയുള്ളൂ-ഫാഷിസത്തിനെ തടയാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ; ഒരുമിച്ച് നില്‍ക്കുക എന്നത്.

എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത് എന്ന് കൂടി വിശദമായി പരിശോധിക്കാന്‍ ഇനിയും സമയം വേണം. ഒരോ മേഖലയിലേയും വോട്ടുകളുടെ ശതമാനവും കണക്കും ലഭിക്കണം. എല്ലാപാര്‍ട്ടികള്‍ക്കും ലഭിച്ച വോട്ടുകള്‍ അറിയണം. പ്രാഥമികമായി നോക്കുമ്പോള്‍ തെരഞ്ഞെടുപ്പുകള്‍ എങ്ങനെ ജയിക്കണമെന്നും സാധ്യതകളൊന്നുമില്ലാത്ത ഇടത്ത് സാധ്യതകള്‍ എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്നുമുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്റെ വിജയമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ കേവല ഭൂരിപക്ഷത്തിന്റെ തൊട്ടരികെ വരെ ബി.ജെ.പിയെ എത്തിച്ചത്.

സിദ്ധരാമയ്യയുടെ തന്ത്രങ്ങളുടെ പാളിച്ച, ജെ.ഡി.എസിന്റെ ചതി, അതിശക്തമായ ഹിന്ദു-മുസ്ലിം വേര്‍തിരിവ്, ബി.ജെ.പിയുടെ ഇലക്ഷന്‍ മാനേജ്മെന്റ് എന്നിങ്ങനെ നാല് പ്രാഥമിക കാരണങ്ങള്‍ നമുക്ക് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അടിപതറിച്ചതായി കണ്ടെത്താം. ഇതെല്ലാം പരസ്പരം ചേര്‍ന്നുകിടക്കുന്നതുമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ബി.ജെ.പിയുടെ ഇലക്ഷന്‍ മാനേജ്മെന്റാണ്.

222 സീറ്റുകളില്‍ മത്സരിക്കുമ്പോഴും വെറും 130 സീറ്റുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു അവരുടെ തീരുമാനം. ആ 130 സീറ്റുകള്‍ പിടിക്കുക, മറ്റുള്ള മേഖലയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എതിരാളികളെ സഹായിക്കുക. അത് പൂര്‍ണ്ണമായും അവര്‍ നടപ്പാക്കി. അത് വ്യക്തമാകണമെങ്കില്‍ പാര്‍ട്ടികള്‍ നേടിയ വോട്ടുകളുടെ ശതമാനകണക്ക് എടുത്ത് നോക്കണം. പൂര്‍ണ്ണമായി വോട്ടെണ്ണി തീരുന്നതിന് മുമ്പുള്ള കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് ബി..ജെ.പിയേക്കാളും ഒന്നൊന്നര ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചിട്ടുണ്ട്. സീറ്റുകളാകട്ടെ മുപ്പതോളം സീറ്റുകള്‍ ബി.ജെ.പിക്കാണ് കൂടുതല്‍. അതെങ്ങനെ?

അപ്പോഴാണ് നമ്മള്‍ പറയുന്ന രണ്ടാമത്തെ കാര്യം വരുന്നത്-ജെ.ഡി.എസിന്റെ ചതി. ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിച്ച 130 സീറ്റുകളില്‍ കോണ്‍ഗ്രസിന് പരമ്പരാഗതമായി ശക്തിയുള്ള ഹൈദരബാദ് കര്‍ണാടക എന്ന മുസ്ലീം-പിന്നാക്ക മേഖലയുണ്ട്. മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ നിന്നാണ് വരുന്നത്. ഈ മേഖലയില്‍ ജെ.ഡി.എസിന് സാന്നിധ്യം ഉണ്ടെങ്കിലും സ്വാധീനമില്ല. ഇവിടെ ബി.ജെ.പിയെ ജെ.ഡി.എസ് സഹായിക്കും. അതിന് പകരം ജെ.ഡി.എസിനെ അവരുടെ സ്വാധീന മേഖലയായ ഓള്‍ഡ് മൈസൂര്‍ മേഖല അടങ്ങുന്ന തെക്കന്‍ കര്‍ണാടകയിലും മറ്റും ബി.ജെ.പി സഹായിക്കും. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ 13000 ത്തോളം വോട്ടുകള്‍ക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്‍ക്കുന്നതില്‍ ഈ പരസ്പര സഹായ പദ്ധതിക്ക് പ്രധാന പങ്കുണ്ട്.

സിദ്ധരാമയ്യയുടെ തന്ത്രങ്ങളുടെ പാളിച്ച സംഭവിച്ചത് കാലിന്നടിയില്‍ നിന്നുള്ള മണ്ണൊലിപ്പിന്റെ ശക്തിയറിയതെ പോയതിലാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കോണ്‍ഗ്രസും സിദ്ധരാമയ്യയും ഉറപ്പിച്ചു. സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ സിദ്ധരാമയ്യ വിജയിച്ചിരുന്നു. ബുദ്ധിജീവികളും പുരോഗമനാശയക്കാരും അദ്ദേഹത്തെ പിന്തുണച്ചു. ഭരണവിരുദ്ധ പ്രക്ഷോഭങ്ങളൊന്നും അതിശക്തമായി ഈ അഞ്ചുവര്‍ഷക്കാലത്ത് കര്‍ണാടകയില്‍ നടന്നിരുന്നില്ല. പക്ഷേ രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നു, രാജ്യത്തേറ്റവും രൂക്ഷമായ ജലക്ഷാമങ്ങളിലൊന്ന് വടക്കന്‍ കര്‍ണാടകയിലെ പിന്നാക്ക കര്‍ഷക മേഖലയിലാണ്. രാജ്യത്ത് ഏറ്റവുമധികം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതില്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ കര്‍ണാടകയ്ക്കുണ്ട്.

ഒന്നാമത്തെ പ്രശ്നത്തെ നേരിടാന്‍ പറ്റാത്തതിനാല്‍ അത് ചര്‍ച്ചയാകാതിരിക്കാന്‍ സമാന്തരമായി ഒരു പ്രക്ഷോഭത്തെ സിദ്ധരാമയ്യ സൃഷ്ടിച്ചെടുത്തു. ലിംഗായത്ത് വിഭാഗത്തിന് ന്യൂനപക്ഷപദവി ആവശ്യപ്പെട്ടുള്ള പഴയ ആവശ്യത്തെ സിദ്ധരാമയ്യ കര്‍ഷക പ്രക്ഷോഭം പടരുന്നതിന് മുമ്പ് പൊടിതട്ടിയെടുത്തു. അതോടെ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം ആ പ്രക്ഷോഭം ആവുകയും കാര്‍ഷിക പ്രക്ഷോഭം വഴിമാറിപ്പോവുകയും ചെയ്തു. പക്ഷേ രണ്ടാമത്തെ പ്രശ്നം, വര്‍ഗ്ഗീയ സംഘര്‍ഷം കൃത്യമായി ബി.ജെ.പി മുതലെടുക്കുകയും സംസ്ഥാനത്ത് ഹിന്ദു-മുസ്ലീം വേര്‍തിരിവ് അതിശക്തമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ രണ്ടോ മൂന്നോ മുഖ്യനേതാക്കള്‍ക്കൊഴികെയുള്ള മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള വോട്ടിന്റെ ശതമാനം നോക്കിയാല്‍ അത് വ്യക്തമാണ്. റഹ്മാന്‍ ഖാനെപോലുള്ള മുസ്ലീം നേതാക്കള്‍ സിദ്ധരാമയ്യയോട് പിണങ്ങിയതും വിനയായി. തീരദേശ കര്‍ണാടക കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ മുസ്ലീം വിരുദ്ധ പ്രചരം. ജിഹാദി കഥകളും ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നവെന്ന പ്രചാരവുമാണ് കാര്യമായി ഉണ്ടായത്. ഇതിനെ നേരിടുന്നതിന് സിദ്ധരാമയ്യയ്ക്ക് പാകപ്പിഴ പറ്റി. ടിപ്പു ജന്മദിനാഘോഷത്തെ ഹൈന്ദുമതത്തോടുള്ള വെല്ലുവിളിയായി അവതരിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചുവെന്ന് വേണം മനസിലാക്കാന്‍.

ഇത് കൂടാതെ ജി.എല്‍.ബി (ജിലേബി) എന്നറിയപ്പെടുന്ന ഗൗഡ, ലിംഗായത്ത്, ബ്രാഹ്മണ്‍ സമുദായത്തെ അവഗണിച്ചുകൊണ്ട് അഹിന്ദ എന്ന ആശയത്തിലൂന്നിയുള്ള ഭരണമായിരുന്നു ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയുടേത്. കുറുബ എന്ന സ്വന്തം പിന്നാക്ക സമുദായം, മുസ്ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിങ്ങനെയുള്ള അഹിന്ദ സമൂഹത്തിന് വേണ്ടിയാകും ഭരണമെന്ന് പ്രഖ്യാപിച്ച് ജി.എല്‍.ബി വിഭാഗക്കാരുടെ ഫയലുകള്‍ വരെ തടഞ്ഞുവച്ചു.

എന്നാല്‍ അതേസമയം സ്വന്തം പാര്‍ട്ടിയിലെ ദളിത് നേതാക്കളായ പരമേശ്വര, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ശ്രീനിവാസ പ്രസാദ എന്നിവരുമായി പരസ്യമായി അകന്നു. പരമേശ്വരയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം തിരികെ കൊണ്ടുവന്നത് ഭരണം അവസാനിക്കാറായപ്പോഴായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദളിത് മുഖ്യമന്ത്രിവരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് പ്രഖ്യാപിച്ചുവെങ്കിലും വൈകിപ്പോയിരുന്നു.

ലിംഗായത്ത് സമുദായം ഒറ്റക്കെട്ടായി യെദ്യൂരപ്പയ്ക്ക് പിന്നില്‍ നിന്നാല്‍ ഭരണം തിരിച്ചുപിടിക്കാനാവില്ലെന്ന ബുദ്ധിയും അവര്‍ക്ക് ന്യൂനപക്ഷ പദവി പ്രഖ്യാപിക്കുന്നതിലൂടെ ഉണ്ടായി. ആ ശ്രമം വിജയിച്ചില്ല എന്നതല്ല തിരിച്ചടിയായി. ലിംഗായത്തുകളെ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്ന വീരശൈവവിഭാഗത്തിന്റെ പ്രചരണം സമുദായത്തില്‍ ബി.ജെ.പിക്കനുകൂലമായ വികാരമുണ്ടാക്കി. മാത്രമല്ല ന്യൂനപക്ഷ പദവി ലിംഗായത്തുകള്‍ക്ക് സംവരണം നല്‍കാനുള്ള ശ്രമമാണ് എന്ന് ബി.ജെ.പി ദളിത് പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തി. ഇതോടെ വൊക്കലിഗ അഥവാ ഗൗഡ, ലിംഗായത്ത്, ബ്രാഹ്മണ്‍, ഒരു വിഭാഗം ദളിത് പിന്നാക്കവിഭാഗങ്ങള്‍ എന്നിങ്ങലെ പല സമുദായങ്ങളും സര്‍ക്കാരിനെതിരായി. ഏതാണ്ട് നാല്‍പതോളം മണ്ഡലങ്ങളില്‍ പ്രധാന ശക്തിയായ നിഷാദ് ആദിവാസി സമൂഹവും സിദ്ധരാമയ്യ സര്‍ക്കാരില്‍ ആകൃഷ്ടരായിരുന്നില്ല.

പരമ്പരാഗത ശക്തികേന്ദ്രമായ ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കി. അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച കാര്‍ഷിക ജലക്ഷാമ പ്രശ്നവും. മുംബൈ കര്‍ണാടക മേഖല ലിംഗായത്തുകള്‍ ഒറ്റക്കെട്ടായതോടെ ബി.ജെ.പിക്ക് വിചാരിച്ചതിലും വലിയ നേട്ടം നല്‍കി. തീരദേശ മേഖലയില്‍ ബി.ജെ.പി അഴിച്ചുവിട്ട വര്‍ഗ്ഗീയപ്രചരണം അവടെ വലിയഗുണമുണ്ടാക്കില്ലെങ്കിലും മധ്യകര്‍ണാടകയിലും ഓള്‍ഡ് മൈസൂര്‍ മേഖലയിലും മുംബൈ കര്‍ണാടക മേഖലയിലും ചലനമുണ്ടാക്കി. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ജെ.ഡി.എസ് തൂത്തുവാരിയപ്പോള്‍ ബി.ജെ.പിയും ചെറുതല്ലാത്ത പ്രകടനം കാഴ്ചവച്ചു. ബാംഗ്ലൂര്‍ മേഖലയിലാകട്ടെ മധ്യവര്‍ഗ്ഗ സമൂഹം അഴിമതിക്കാരനല്ലാത്ത സിദ്ധരാമയ്യയുടെ പ്രതിച്ഛായയ്ക്കും നരേന്ദ്രമോഡി പ്രതിച്ഛായയ്ക്കുമായി സീറ്റുകള്‍ പകുത്തു നല്‍കി.

വികസനം, ദേശീയ സംഭവവികാസങ്ങള്‍, ഡീസല്‍ വിലവര്‍ദ്ധന, യെദ്യൂരപ്പ, റെഡ്ഡിമാര്‍ തുടങ്ങിയവരുടേയോ കേന്ദ്രസര്‍ക്കാരിന്റെയോ അഴിമതി, ബാങ്ക് കൊള്ള, ജി.എസ്.ടി, കള്ളപ്പണവാഗ്ദാനം, തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗ്ഗീയ കൊലപാതകങ്ങള്‍, ദളിത് ഹത്യകള്‍ തുടങ്ങി ഒരു വിഷയവും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുമില്ല, അതില്‍ നിന്ന് ശ്രദ്ധതിരിച്ച് വിവാദങ്ങളിലേയ്ക്കും നുണകളിലേയ്ക്കും വാര്‍ത്തകളേയും പ്രചരണത്തിനേയും തിരിച്ചുവിടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അഥവാ ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രപരമായി മാനേജ് ചെയ്തു. സഖ്യങ്ങള്‍ക്കോ, ഒരുമിച്ചുള്ള പോരാട്ടത്തിനോ ശ്രമിക്കാതെ, തിരിച്ചടികളില്‍ നിന്ന് പാഠം പഠിക്കാതെ, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ മുന്നൊരുക്കങ്ങളില്ലാതെ നേരിട്ടു.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more