അദാനിയെ കുറിച്ച് ഒന്നോ രണ്ടോ തവണ പറഞ്ഞാല്‍ മതി, പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ വേണം; രാഹുലിനോട് നേതാക്കള്‍
national news
അദാനിയെ കുറിച്ച് ഒന്നോ രണ്ടോ തവണ പറഞ്ഞാല്‍ മതി, പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ വേണം; രാഹുലിനോട് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2023, 2:12 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഏപ്രില്‍ പത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെത്തും. രാഹുലിന്റെ പ്രചരണ പരിപാടികള്‍ കോലാറില്‍ നിന്ന് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ വെച്ചായിരുന്നു രാഹുല്‍ മോദി സര്‍നെയിമുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്.

ഇതിനെ തുടര്‍ന്നാണ് രാഹുലിന് സൂറത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതും തുടര്‍ന്ന് അദ്ദേഹം എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതും.

ഇതേ സ്ഥലത്ത് നിന്ന് പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ ക്യാമ്പെയ്‌നിന്റെ ആദ്യ വേദിയായി കോലാറിനെ തെരഞ്ഞെടുക്കുന്നതിനോട് കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അദാനിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാത്രമൊതുങ്ങാതെ പ്രാദേശികമായ പ്രശ്‌നങ്ങളും ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിയുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നതായാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അദാനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ തവണ മാത്രം ഉന്നയിച്ചാല്‍ മതിയെന്നും അതിലധികമാകേണ്ട എന്നുമുള്ള നിലപാടാണ് ചില നേതാക്കള്‍ക്ക് എന്നാണ് റിപ്പോര്‍ട്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ മോദി സര്‍നെയിം ഉപയോഗിച്ച് വിമര്‍ശനം ഉന്നയിച്ചത്. നീരവ് മോദി, ലളിത് മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാര്‍ക്കും എന്തു കൊണ്ടാണ് മോദി എന്ന് പേരുള്ളത് എന്ന വിമര്‍ശനമായിരുന്നു രാഹുല്‍ ഉന്നയിച്ചത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്ന ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു.

മെയ് പത്തിന് ഒറ്റ ഘട്ടമായാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍. ആകെ 5.21 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 224 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച പുറത്തു വിട്ടിരുന്നു.

42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തു വിട്ടത്. 41 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ഒരു സീറ്റ് പ്രാദേശിക കക്ഷിയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കാണ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു.

Content Highlights: Karnataka election; Propaganda should not be limited to Adani