കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
National
കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th May 2018, 8:41 am

ന്യുദല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി.

19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. വിലവര്‍ധനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചതിനെ തുടര്‍ന്ന് പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. നിര്‍ണ്ണായകമായ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.


Read Also ; സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറുകളാണെന്ന് ഷെയ്ന്‍ വോണ്‍


പെട്രോള്‍, ഡീസല്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.

2014 നവംബര്‍ മുതല്‍ 9 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില പലതവണ മാറിയപ്പോഴും ഇതിനിടെ ഒരിക്കല്‍ മാത്രമാണ് എക്സൈസ് തീരുവ കുറച്ചത്.