കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെയറിയാം. മെയ് പന്ത്രണ്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടിയെുക്കാനാവില്ല എന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നു. ഒരു നോമിനേറ്റഡ് അംഗം കൂടാതെ 224 അംഗങ്ങള്‍ അടങ്ങുന്നതാണ് കര്‍ണാടക നിയമസഭ. വിജയിക്കാന്‍ 113 സീറ്റുകള്‍ വേണം. എന്നാല്‍ 100 താണ്ടാന്‍ തന്നെ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ കഴിയില്ല എന്നതാണ് സൂചനകള്‍.
ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ ഒരു നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സാധിച്ചു എന്നതാണ് അവയിലൊന്ന്. സിദ്ധരാമയ്യ തന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി എന്നതും ശ്രദ്ധേയമാണ്. 1972-ല്‍ അധികാരമേറ്റ ഡി.ദേവരാശ് അരശ് 1977-ല്‍ അധികാരമൊഴിഞ്ഞതില്‍ പിന്നെ എസ്.എം.കൃഷ്ണയ്ക്ക് (1999-2004) മാത്രമേ ഇതിന് മുമ്പ് അഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി കര്‍ണാടകയില്‍ ഭരിക്കാന്‍ സാധിച്ചിട്ടുള്ളൂ.
കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് സിദ്ധരാമയ്യയോളം സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു നേതാവില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെഡ്യൂരപ്പക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ കെ.എസ്.ഈശ്വരപ്പയെ പോലുള്ള ശത്രുക്കളുണ്ട്. 2008-13 കാലയളവില്‍ ബി.ജെ.പി അധികാരത്തിലിരിക്കേ അദ്ദേഹത്തിന് മൂന്ന് വര്‍ഷം മാത്രമേ മുഖ്യമന്ത്രിയായിരിക്കാന്‍ ആയുള്ളൂ. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011-ല്‍ സ്ഥാനമൊഴിയേണ്ടി വന്നു. അതിന് ശേഷം സദാനന്ദ ഗൗഡയും ജഗദീഷ് ശെട്ടരും മുഖ്യമന്ത്രിമാരായി.
തെക്കന്‍ കര്‍ണാടകയില്‍ ചില ജില്ലകളില്‍ എച്ച്.ഡി.ദേവഗൗഡയുടെ ജെ.ഡി.എസിന് സ്വാധീനമുണ്ട്. ഒക്കലിഗ (ഗൗഡ) കര്‍ഷകര്‍ക്കിടയിലാണ് ഈ സ്വാധീനം അധികവും. ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ ഇത് പര്യാപ്തമല്ലെങ്കിലും സഖ്യകക്ഷി എന്ന നിലയ്ക്ക് വിലപേശാനും കാര്യം സാധിക്കാനും പതിനഞ്ചോ ഇരുപതോ സീറ്റുകള്‍ ധാരാളമാണ്. ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട ചരിത്രവുമുള്ള പാര്‍ട്ടി കൂടിയാണ് ജെ.ഡി.എസ്.
സിദ്ധരാമയ്യയുടെ ഭരണകാലത്ത് എടുത്ത് പറയത്തക്ക നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും പല വിവാദങ്ങളിലും പെട്ട് കര്‍ണാടക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ടിപ്പു ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയതും എം.എം.കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് എന്നിവരുടെ കൊലപാതകവും ഈ വിവാദങ്ങളില്‍ പെടും. ലിംഗായത്ത് സമുദായത്തെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആ സമുദായത്തിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തെ പിന്തുണച്ചതും വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ലിംഗായത്തുകളുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. അധികാരം ഏറ്റത് മുതല്‍ തന്റേത് പുരോഗമന രാഷ്ട്രീയമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ദിനേശ് അമീന്‍ മട്ടു, ബഞ്ജഗെരെ, ജയപ്രകാശ്, കെ.വി.നാരായണ തുടങ്ങിയ ഇടത്പക്ഷ ചായ്വുള്ള ബുദ്ധിജീവികളെ സിദ്ധരാമയ്യ പല പ്രധാന തസ്തികകളിലും നിയമിച്ചു. ജെ.എന്‍.യുവിന്‍ കന്നഡ ചെയര്‍ ആരംഭിച്ച് അറിയപ്പെടുന്ന ഫോക്ലോറിസ്റ്റായ പുരുഷോത്തമ ബിളിമലെയുടെ പേര് നിര്‍ദ്ദേശിച്ചു. കര്‍ണാടകയിലെ കര്‍ഷക പ്രസ്ഥാനത്തെ കുറിച്ച് ജെ.എന്‍.യുവില്‍ നിന്ന് പി.എച്ച്.ഡി നേടിയ പ്രമുഖ ചരിത്രകാരന്‍ മുസഫര്‍ ആസാദിയെ രായ്ചൂരില്‍ പുതുതായി ആരംഭിച്ച സര്‍വ്വകാലശാലയുടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയായി നിയമിച്ചു.
ഈ പുരോഗമന പ്രതിച്ഛായയോട് ഒത്തുചേരുന്ന തരത്തില്‍ പാരമ്പര്യമൂല്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന, ജി.എല്‍.ബി എന്ന് പൊതുവേയും ജിലേബിയെന്ന് കളിയാക്കിയും വിളിക്കുന്ന, ഗൗഡ-ലിംഗായത്ത്-ബ്രാഹ്മണ്‍ വിഭാഗങ്ങളെ അവഗണിച്ചുതുടങ്ങി. ഇവരെ സംബന്ധിച്ച ഫയലുകള്‍ വൈകിക്കുകയും തടസപ്പെടുത്തുകയും പതിവായി മാറി. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്.
തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ജനസംഖ്യയുടെ പതിനാറ് ശതമാനം വരുന്ന ലിംഗായത്തുകളുടെ വോട്ട് മതിയായേ തീരൂ. അങ്ങനെയാണ് ന്യൂനപക്ഷം എന്ന ലിംഗായത്ത് നേതാക്കളുടെ ആവശ്യത്തെ പിന്തുണയ്ക്കാന് കോണ്‍ഗ്രസ് മുതിര്‍ന്നത്. 2017 ജൂലായ് 19ന് ബീദര്‍ നഗരത്തില്‍ നിന്ന് തുടങ്ങിയ ലിംഗായത്ത് പ്രക്ഷോഭത്തില്‍ വിനയ് കുല്‍ക്കര്‍ണി, എം.ബി.പാട്ടീല്‍ തുടങ്ങിയ പ്രധാന കോണ്‍ഗ്രസ് മന്ത്രിമാര്‍ പങ്കെടുത്തു.
മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടന്നായിരുന്നു ലിംഗായത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ല, ബൗദ്ധരേയും ജൈനരേയും പോലെ അവരെ പ്രത്യേക മതമായി പരിഗണിക്കണം എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. 2015-ല്‍ വെടിയേറ്റ് മരിച്ച കല്‍ബുര്‍ഗിയുടെ നിലപാടും ഇതു തന്നെയായിരുന്നു എന്നിരിക്കിലും 2017-ന്റെ ആദ്യ പകുതിയില്‍ ഈ ആവശ്യം ഊര്‍ജ്ജിതപ്പെട്ടുവരുന്നതിന്റെ യാതൊരു സൂചനയും കാണാനില്ലായിരുന്നു.
തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിക്കൊണ്ട് പഴയൊരു ആവശ്യത്തെ കുത്തിപ്പൊക്കി എടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബി.ജെ.പിയുടെ മതതീവ്രവാദത്തെ നേരിടാന്‍ ഇതു സഹായകമാകും എന്ന വ്യാജേന കര്‍ണാടകയിലെ ഒട്ടുമിക്ക പുരോഗമനവാദികളും ഇടത്പക്ഷക്കാരുമായ ബുദ്ധിജീവികളും പൊതു പ്രവര്‍ത്തകരും ഇതിന് കൂട്ടുനിന്നു.
രണ്ടാമത്തെ കാരണമാണ് കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നത്. 2015 ജൂലായ് പതിനാറിന് വടക്കെ കര്‍ണാടകയില്‍ ഒരു കര്‍ഷകസമരം ആരംഭിച്ചു. സംഘടിപ്പിച്ചത് കര്‍ഷകരായത് കൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് അതു ചര്‍ച്ച ചെയ്യണമെന്ന് തോന്നിയില്ല. മിക്ക മാധ്യമങ്ങളും സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മുതിര്‍ന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഗദഗ് ജില്ലയിലെ നരഗുരു നഗരത്തില്‍ ആരംഭിച്ച ഈ സമരത്തിന് നീണ്ടൊരു ചരിത്രമുണ്ട്.
ബെളഗാവി ജില്ലയിലെ നവിലു തീര്‍ത്ഥയില്‍ മലപ്രഭ നദിക്ക് നേരെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട് കര്‍ണാടക സര്‍ക്കാരിന്റെ പ്രധാന കുടിവെള്ള-ജലസേചന പദ്ധതികള്‍ ഒന്നാണ്. 37 ടി.എം.സി അടി സംഭരണ ശേഷിയുള്ള ഈ അണക്കെട്ടില്‍ പക്ഷേ പദ്ധതി പൂര്‍ത്തിയ 1973 മുതല്‍ ഇന്നുവരെ നാലഞ്ചുവര്‍ഷങ്ങളില്‍ മാത്രമേ അത്രയും വെള്ളം നിറഞ്ഞിട്ടുള്ളൂ. ജലസേചനത്തിന് വേണ്ടി നിര്‍മ്മിച്ച പല കനാലുകളിലും ഇതുവരെ വെള്ളമെത്തിക്കാന്‍ സര്‍ക്കാന് സാധിച്ചിട്ടില്ല.
ജലക്ഷാമവും കൃഷിനാശവും വ്യാപകമായി മാറിയ സാഹചര്യത്തിലാണ് 1980-ല്‍ നരഗുന്ദയിലും അതിനടുത്തുള്ള നവലഗുന്ദയിലും കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. പോലീസ് വെടിവെയ്പില്‍ അന്ന് രണ്ട് കര്‍ഷകര്‍ മരിച്ചു. തുടര്‍ന്നുണ്ടായ പ്രതിരോധ റാലികളില്‍ പതിനഞ്ചോളം കര്‍ഷകരാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വെടിയേറ്റ് മരിച്ചത്. ഈ പ്രക്ഷോഭത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന സംഘടനയാണ് കര്‍ണാടക രൈത സംഘം. വളരെ പെട്ടന്ന് തന്നെ സമ്പന്നരായ കര്‍ഷകരുടെ താത്പര്യങ്ങങള്‍ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന ഒരു സംഘടനയായി മാറി രൈതസംഘം.
ജലക്ഷാമം നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ മഹാദായി നദിയുടെ കൈവഴികളായ കളസ, ബണ്ടൂരി എന്നീ അരുവികളില്‍ നിന്ന് മലപ്രഭാ അണക്കെട്ടിലേയ്ക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചു. ഗോവയ്ക്ക് കൂടി അവകാശപ്പെട്ടതാണ് അവിടെ മാണ്ഡവി എന്നറിയപ്പെടുന്ന മഹാദായി. അതുകൊണ്ട് 1989-ല്‍ അന്നത്തെ എസ്.ആര്‍.ബൊമ്മ സര്‍ക്കാര്‍ ഗോവയുമായി ഒരു ഒത്തുതീര്‍പ്പിലെത്തി.
ജലക്ഷാമത്തിന് കളസാ-ബണ്ടൂരി പദ്ധതി ഒരു പരിഹാരമായിരുന്നില്ല. എന്നിരിക്കലും പൊതുജനങ്ങളുടെ സമ്മതം നേടിയെടുക്കാന്‍ അതിന് സാധിച്ചു. എന്നാല്‍ ഉടന്‍ തന്നെ ഗോവ നിലപാട് മാറ്റി. പണി ആരംഭിച്ച ഉടനെ സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ കൊണ്ടുവന്നു. കളസ ബണ്ടൂരി അരുവികളില്‍ നിന്ന് വെള്ളം തിരിച്ചുവിട്ടാല്‍ മഹാദായിയില്‍ വെള്ളത്തിന്റെ തോത് സാരമായി കുറയുമെന്നും അത് ഗോവയെ പ്രതികൂലമായി ബാധിക്കുമെന്നതായിരുന്നു അവരുടെ പക്ഷം. 1993-ല്‍ ആരംഭിച്ച വിവാദത്തിന് പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കളസാ-ബണ്ടൂരി പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാശ്യപ്പെട്ടുകൊണ്ടാണ് 2015-ല്‍ നരഗുന്ദയില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. 2017 ആയപ്പേഴേയ്ക്കും അതുവലിയൊരു പ്രസ്ഥാനത്തിന്റെ രൂപം പ്രാപിച്ചുതുടങ്ങി. സംസ്ഥാനത്തെ പല നഗരങ്ങളിലും വലിയ റാലികള്‍ നടന്നു. 1980 വീണ്ടും ആവര്‍ത്തിക്കുമെന്നുറപ്പായ ഘട്ടത്തിലാണ് ബീദറില്‍ ലിംഗായത്ത് പ്രക്ഷോഭം തുടക്കം കുറിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമായി. ലിംഗായത്ത്, ന്യൂനപക്ഷം, ബി.ജെ.പി, ഹിന്ദുത്വം, മതതീവ്രവാദം ഇവയായി പിന്നീടുള്ള ദിവസങ്ങളിലെ വ്യവഹാരങ്ങള്‍. കളസാ-ബണ്ടൂരി കര്‍ഷകസമരത്തെ ആര്‍ക്കും ഭയക്കേണ്ടതില്ല എന്ന അവസ്ഥ സംജാതമായി. 2018 തിരഞ്ഞെടുപ്പില്‍ ജലക്ഷാമത്തെ വിഷയമാക്കിക്കൊണ്ട് മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്ന പല കര്‍ഷകനേതാക്കളും മത്സരരംഗത്ത് നിന്ന് അപ്രത്യക്ഷമായി.
അങ്ങനെ ഒരു മതപ്രക്ഷോഭത്തിന് പുരോഗമന വാദികളുടെ പിന്തുണയോടെ പ്രോത്സാഹനം നല്‍കി ഒരു കര്‍ഷക സമരത്തെ പോലീസ് വെടിവെയ്പോ ഒരു ഭീഷണി പോലുമില്ലാതെ അടിച്ചമര്‍ത്തി കൊണ്ടാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിലേയ്ക്ക് എത്തിച്ചത്. കളസാ-ബണ്ടൂരി പ്രക്ഷോഭത്തെ നിയന്ത്രിക്കുന്നതില്‍ സിദ്ധരാമയ്യ തല്‍ക്കാലത്തേയ്ക്ക് വിജയിച്ചു. പക്ഷേ ലിംഗായത്ത് വോട്ടുകള്‍ നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടുവെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. പക്ഷേ എക്സിറ്റ് പോളുകളിലെ വാസ്തവമറിയാന്‍ ഒരു രാത്രി കൂടി പുലരേണ്ടി വരും.