ബംഗളുരു: യദ്യൂരപ്പ അഴിമതിയില്‍ നമ്പര്‍ വണ്‍ ആണെന്ന പരാമര്‍ശത്തിനു പിന്നാലെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിന് അനുകൂല പ്രസ്താവനയുമായി ബി.ജെ.പി നേതാവ് അമിത് ഷാ വീണ്ടും. സില്‍ക്ക് ഉല്പാദനത്തില്‍ കര്‍ണാടക നമ്പര്‍ വണ്‍ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു അമിത് ഷായുടെ ഈ പരാമര്‍ശം.
അമിത് ഷായുടെ പരാമര്‍ശം കര്‍ണാടക കോണ്‍ഗ്രസ് ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ” അമിത് ഷാ നന്ദി, വീണ്ടും സത്യം പറഞ്ഞതിന്. നിങ്ങള്‍ ഞങ്ങളുടെ സ്റ്റാര്‍ കാമ്പെയ്‌നറായി മാറിക്കൊണ്ടിരിക്കുകയാണ്.” എന്നു പറഞ്ഞാണ് അമിത് ഷാ കര്‍ണാടകയെ പുകഴ്ത്തുന്ന വീഡിയോ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്.
Also Read: അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് വൃക്കരോഗം; വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ട്
” 2016-17 വര്‍ഷത്തില്‍ പട്ടുല്പാദനം ഏക്കാലത്തേയും വലിയ വര്‍ധനവാണ് കര്‍ണാടകയിലുണ്ടായത്. പ്രധാന കൊക്കൂണ്‍ മാര്‍ക്കറ്റുകളെല്ലാം ആധുനികവത്കരിച്ചു കഴിഞ്ഞു.” എന്നും കോണ്‍ഗ്രസ് ട്വീറ്റു ചെയ്യുന്നു.
നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യദ്യൂരപ്പ അഴിമതിയില്‍ നമ്പര്‍ വണ്‍ ആണെന്ന് അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. യദ്യൂരപ്പയെ വേദിയിലിരുത്തിയായിരുന്നു അമിത് ഷായുടെ ഈ അബദ്ധ പരാമര്‍ശം.
ഇതിനു പിന്നാലെ അമിത് ഷായെ ട്രോളി കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ സെല്‍ മേധാവി ദിവ്യ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. അമിത് ഷായ്ക്ക് സത്യം പറയാനും അറിയാം എന്നു പറഞ്ഞായിരുന്നു രമ്യയുടെ പരിഹാസം.
തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി.ജെ.പി നേതാവും അബദ്ധം കാണിച്ചിരുന്നു. മോദി ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന പരിഭാഷയിലെ വാക്യമാണ് കോണ്‍ഗ്രസ് ഏറ്റുപിടിച്ചത്.