ന്യൂദൽഹി: കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13 ന് വോട്ടെണ്ണും.
224 മണ്ഡലങ്ങളിലായി 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. മെയ് 24നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുക.
9,17,241 പുതിയ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2.59 കോടി വോട്ടർമാർ സ്ത്രീകളാണ്. 2.62 കോടി പുരുഷ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 58,282 പോളിങ് സ്റ്റേഷനുകളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഒരുക്കും. 80 വയസിന് മുകളിലുള്ളവർക്കും ശാരീരിക അസ്വസ്ഥതകളുള്ളവർക്കും വീട്ടിൽ നിന്നുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരും.
നിലവിൽ ബി.ജെ.പി 118, കോൺഗ്രസ് 72, ജെ.ഡി.എസ് 32 എന്നിങ്ങനെയാണ് കക്ഷിനില. ദളിത് വോട്ടുകൾ കോൺഗ്രസിനൊപ്പമാകാനാണ് ഇക്കുറി സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 46ശതമാനം ദളിത് വോട്ടുകളും കോൺഗ്രസിനൊപ്പമായിരുന്നു. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്.
20 ശതമാനം ദളിത് വോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 5 ശതമാനം ട്രൈബൽ,16 ശതമാനം മുസ്ലിം വോട്ടുകൾ, 7 ശതമാനം കുറുബ, ലിംഗായത് 17 ശതമാനം, മറ്റ് ഒ.ബി.സി വിഭാഗങ്ങൾ 16 ശതമാനം എന്നിവയാണ് മറ്റ് പ്രധാനപ്പെട്ടവ.
അതേസമയം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നിലവിലില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.