ബെംഗളൂരു: കര്‍ണാടകയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഉപാധികളൊന്നുമില്ലാതെയുള്ള പിന്തുണയാണ് സി.പി.ഐ ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
‘ഞങ്ങള്‍ സി.പി.ഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. അവര്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. അവിടെയെല്ലായിടത്തും സൗഹൃദ മത്സരമായിരിക്കും നടക്കുക. അവശേഷിക്കുന്ന 215 സീറ്റുകളിലും യാതൊരു ഉപാധികളുമില്ലാതെ, ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും,’ സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ കര്‍ണാടകയില്‍ സി.പി.ഐ.എം എച്ച്.ഡി. ദേവഗൗഡയുടെ ജനതാദള്‍ സെക്യുലറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാഗേപ്പള്ളി മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സി.പി.ഐ.എമ്മിന് പിന്തുണ നല്‍കാന്‍ ജെ.ഡി.എസ് തീരുമാനിച്ചിരുന്നു.
ഡോ. എ. അനില്‍ കുമാറാണ് ഇത്തവണ ബാഗേപ്പള്ളിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.കഴിഞ്ഞ തവണ ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസിലെ എസ്.എന്‍ സുബ്ബറെഡ്ഡിയോട് 14,013 വോട്ടിനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന ജി.വി ശ്രീരാമ റെഡ്ഡി പരാജയപ്പെട്ടത്. അന്ന് ജെ.ഡി.എസ് ഇവിടെ 38,302 വോട്ടുകളാണ് നേടിയത്.
അതുകൊണ്ട് തന്നെ ജെ.ഡി.എസ് പിന്തുണ ലഭിക്കുന്നതോടെ മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം.
കഴിഞ്ഞ ദിവസം ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖര റാവുവും ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടകയില്‍ പല നേതാക്കളും പാര്‍ട്ടി വിടുന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡി എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ലിംഗായത്ത് സമുദായത്തിലെ പ്രധാന നേതാക്കളായ സാവഡിയെയും ഷെട്ടാറിനെയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണല്‍.
Content Highloghts: Karnataka election; CPI Will support Congress