| Wednesday, 28th March 2018, 2:38 pm

കര്‍ണാടക പിടിക്കാന്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കുനേരെ വലവീശി ബി.ജെ.പി: ബി.ജെ.പി സമീപിച്ച കാര്യം സ്ഥിരീകരിച്ച് ഉഡുപ്പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് 18നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

ഉഡുപ്പിയിലെ പ്രമോദ് മാധവരാജ്, ബംഗളുരു സിറ്റിയിലെ എം. കൃഷ്ണപ്പ, മകന്‍ പ്രിയ കൃഷ്ണപ്പ എന്നിവരെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി തന്നെ സമീപിച്ച കാര്യം ഉഡുപ്പി എം.എല്‍.എ പ്രമോദ് മാധവരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുന്നില്ല. ബി.ജെ.പി എന്നെ സമീപിച്ചിരുന്നു. പക്ഷേ അവരുടെ ഓഫര്‍ നിഷേധിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി തന്നെ സമീപിച്ചിട്ടില്ല എന്നാണ് കൃഷ്ണപ്പ പറഞ്ഞത്. പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.


Must Read: തെരഞ്ഞെടുപ്പു തിയ്യതി ചോര്‍ന്ന സംഭവം: ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ പേരൊഴിവാക്കി തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണ ഉത്തരവ്


മൂന്ന് എം.എല്‍.എമാരും സമ്പന്നരാണെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ ബി.ജെ.പി തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടക അവരുടെ അഭിമാനപോരാട്ടമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഏറ്റവും വലുതാണ് കര്‍ണാടക.

ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യാളുന്ന ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ വലിയ പ്രതീക്ഷയാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. ഇവിടെ ഇതിനകം വന്ന സര്‍വ്വേ ഫലം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അതുകൊണ്ടുതന്നെ കര്‍ണാടക പിടിക്കാനായി എല്ലാ തരം തന്ത്രങ്ങളും ബി.ജെ.പി പയറ്റാനിടയുണ്ട്.


Must Read: ‘വാര്‍ണറില്ലെങ്കിലും ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല’; ഓസീസ് താരമില്ലെങ്കിലും ഹൈദരാബാദ് സ്‌ട്രോങ്ങാണെന്ന് വൃദ്ധിമാന്‍ സാഹ


2018 മെയ് 12 നാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്. മെയ് 15 നാണ് വോട്ടെണ്ണല്‍.


ഡൂള്‍ന്യൂസ് വീഡിയോ ഇന്റര്‍വ്യൂ കാണാം

Latest Stories

We use cookies to give you the best possible experience. Learn more