ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കെ പ്രധാന ലിംഗായത്ത് നേതാക്കളായിരുന്ന ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു.
ഇതോടെ ബി.ജെ.പി ലിംഗായത്ത് വിരുദ്ധ പാര്‍ട്ടിയാണെന്ന കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിക്കാനും ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്താനുമുള്ള പുതിയ വഴികള്‍ തേടുകയാണ് കര്‍ണാടകയില്‍ ബി.ജെ.പി.
ലിംഗായത്ത് സമുദായത്തിലെ നേതാക്കള്‍ കഴിഞ്ഞ ദിവസം ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയതായാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേതാക്കള്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ആവശ്യം ഉന്നയിച്ചെന്നും ഇക്കാര്യം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കിയതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
കര്‍ണാടക ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളമാണ് ലിംഗായത്തുകള്‍. ലിംഗായത്ത് സമുദായാംഗങ്ങളായ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി എന്നിവര്‍ പാര്‍ട്ടി വിട്ട് തങ്ങളുടെ പാളയത്തില്‍ എത്തിയതിന് ശേഷമാണ് ബി.ജെ.പി ലിംഗായത്ത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കിയത്.
224 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രബലമായ സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയില്‍ നിന്ന് തന്നെയാണ് ബി.ജെ.പി കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളില്‍ 68 പേര്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നും 42 പേര്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുമുള്ളവരാണ്.
2018 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇരു സമുദായങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ബി.ജെ.പി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 55 സീറ്റുകളായിരുന്നു ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നത്. വൊക്കലിഗ സമുദായത്തില്‍ പെട്ട പേര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി 2018ല്‍ മത്സര രംഗത്തുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് നിരവധി നേതാക്കളായിരുന്നു അടുത്തിടെ ബി.ജെ.പി വിട്ടത്. ഇവരില്‍ പലരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
പാര്‍ട്ടിയെ കെട്ടിപ്പടുക്കാനും വളര്‍ത്താനും വളരെയധികം പ്രവര്‍ത്തിച്ച താന്‍ വളരെ വിഷമത്തോടെയാണ് പാര്‍ട്ടി വിടുന്നതെന്നാണ് രാജി പ്രഖ്യാപിച്ച് കൊണ്ട് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞത്. തനിക്കെതിരെ വ്യക്തമായ ആസൂത്രണത്തോട് കൂടിയുള്ള ഗൂഢാലോചന നടന്നെന്നും രാജി തീരുമാനത്തിലേക്കെത്താന്‍ ബി.ജെ.പി തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നെന്നും ഷെട്ടാര്‍ ആരോപിച്ചിരുന്നു.
പട്ടികജാതിക്കാരോട് ബി.ജെ.പി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് മുന്‍ മന്ത്രി ബി. സോമശേഖരനും പാര്‍ട്ടി അംഗത്വം രാജി വെച്ചിരുന്നു. പട്ടികജാതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായ വിവേചനവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുവെന്നാണ് സോമശേഖരന്‍ പറഞ്ഞത്.
Content Highlights: karnataka election: BJP’s new attempt to capture Lingayat votes