കര്‍ണാടക തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടു
national news
കര്‍ണാടക തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 8:26 am

ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. തന്റെ നിയമസഭാംഗത്വവും ഒഴിയുന്നതായി ഷെട്ടാര്‍ അറിയിച്ചു. മെയ് പത്തിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67കാരനായ ഷെട്ടാറിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലായിരുന്നു മുന്‍ മുഖ്യമന്ത്രി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സമയത്ത് പ്രതിപക്ഷ നേതാവുമായിരുന്നു ഷെട്ടാര്‍.

‘വലിയ വിഷമത്തോടെയാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നത്. ഈ പാര്‍ട്ടിയെ കെട്ടിപ്പെടുക്കാനും വളര്‍ത്താനും വളരെയധികം പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. ചില നേതാക്കളുടെ ചെയ്തികളാണ് എന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്,’ ഷെട്ടാര്‍ പറഞ്ഞു.

തന്നെ ബി.ജെ.പി നേതാക്കള്‍ അപമാനിച്ചതായും വരുന്ന തെരഞ്ഞെടുപ്പില്‍ ഉറപ്പായും മത്സരിക്കുമെന്നും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായ ഷെട്ടാര്‍ പ്രഖ്യാപിച്ചു.

‘അവര്‍ എന്നെ ഒഴിവാക്കിയ രീതി വല്ലാതെ ബുദ്ധിമുട്ടിച്ചു. അതുകൊണ്ടാണ് ഇനിയും നിശബ്ദനായിരിക്കരുതെന്നും അവര്‍ക്കെതിരെ പ്രതികരിക്കണമെന്നും ഞാന്‍ തീരുമാനിച്ചത്. ഞാന്‍ വരുന്ന ഇലക്ഷനില്‍ മത്സരിക്കും,’ ഷെട്ടാര്‍ പറഞ്ഞു.

തനിക്കെതിരെ വ്യക്തമായ ആസൂത്രണത്തോട് കൂടിയുള്ള ഗൂഢാലോചന നടന്നെന്നും ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ പാര്‍ട്ടി തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നെന്നും ഷെട്ടാര്‍ ആരോപിച്ചു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ഷെട്ടാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

ആറ് തവണ എം.എല്‍.എ ആയ വ്യക്തിയാണ് ഷെട്ടാര്‍. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ സംസ്ഥാന ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡി നേരത്തെ ബി.ജെ.പിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. യെദിയൂരപ്പയുടെ വിശ്വസ്തനായിരുന്ന സാവഡി, ബെല്‍ഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്.

2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബെല്‍ഗാവിയിലെ അതാനി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സാവഡി, 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേഷ് കുമത്തള്ളിയോട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ കുമത്തള്ളിയെ അതാനിയില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമാണ് സാവിഡിയെ ചൊടിപ്പിച്ചത്.

2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ ലക്ഷ്മണ്‍ സാവഡിയുടെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. അതിനിടെയുണ്ടായ ഷെട്ടാറിന്റെ രാജി പാര്‍ട്ടിയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

പട്ടികജാതിക്കാരോട് ബി.ജെ.പി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് മുന്‍ മന്ത്രി ബി. സോമശേഖരനും കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം രാജി വെച്ചിരുന്നു. പട്ടികജാതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായ വിവേചനവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുവെന്നാണ് സോമശേഖരന്‍ പറഞ്ഞത്.

Content Highlights: Karnataka election; BJP Former Chief Minister Jagdish Shettar left the party