| Wednesday, 6th November 2019, 10:18 am

മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് പറഞ്ഞ് യെദിയൂരപ്പ 1000 കോടി രൂപ കൈയില്‍ വെച്ചു തന്നു; കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

”കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ചിലയാളുകള്‍ എന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പയ്ക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നു. അല്‍പ്പസമയത്തിന് ശേഷം അദ്ദേഹം എത്തുകയും എന്നോട് ഇരിക്കാന്‍ പറയുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെ സഹായിക്കണമെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. പിന്തുണയ്ക്കാമെന്നും എന്നാല്‍ കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്നും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 700 കോടി മാത്രമല്ല 300 കോടി കൂടി അധികം തരാമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം 1000 കോടി രൂപ എടുത്തു തരുകയും ചെയ്തു. ഇത്രയും വലിയൊരു തുക അദ്ദേഹം നല്‍കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ട കാര്യം ഞാനും ചെയ്തു. യെഡിയൂരപ്പ പറഞ്ഞതിന് ശേഷം അയോഗ്യരായ എം.എല്‍.എമാരുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല” – നാരാണയ ഗൗഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോഗ്യനാക്കപ്പെട്ട ഒരു മുന്‍ ജെ.ഡി.എസ് എം.എല്‍.എയും ഇത്തരത്തില്‍ യെദിയൂരപ്പയില്‍ നിന്നും വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇതും സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനാണെന്നും ഗൗഡ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹുബള്ളിയില്‍ നടന്ന പാര്‍ട്ടി മീറ്റില്‍ യെദിയൂരപ്പ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായാണ് കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയതെന്നായിരുന്നു യെദിയൂരപ്പ ഓഡിയോയില്‍ പറഞ്ഞത്. ഓഡിയോ ചോര്‍ന്നതോടെ പാര്‍ട്ടിയും യെദിയൂരപ്പയും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

അയോഗ്യരായ 17 എം.എല്‍.എമാരെയും അവരുടെ ത്യാഗത്തെ അംഗീകരിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കുമെന്നും ചോര്‍ന്ന ടേപ്പില്‍ യെദിയൂരപ്പ പറയുന്നതായി ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more