ബെംഗളൂരു: കര്‍ണാടക ഡി.ജി.പി പ്രവീണ്‍ സൂദിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ലോകസഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന മൂന്നംഗ പാനലാണ് പ്രവീണിനെ സി.ബി.ഐ ഡയറക്‌റായി തീരുമാനിച്ചത്.
കര്‍ണാടകയിലെ 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍. മൂന്ന് വര്‍ഷം മുമ്പാണ് സംസ്ഥാന ഡി.ജി.പിയായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് പ്രവീണ്‍. ഐ.ഐ.ടി ദല്‍ഹിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. 2024 മെയില്‍ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് രണ്ട് വര്‍ഷ കാലാവധി കൂടി ലഭിക്കുകയായിരുന്നു.
നിലവിലെ സി.ബി.ഐ ഡയറക്ടര്‍ സുബോദ് കുമാര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മെയ് 25നാണ് പ്രവീണ്‍ ചുമതലയേല്‍ക്കുക.
മുതിര്‍ന്ന മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരില്‍ നിന്നുമാണ് പ്രവീണിനെ തെരഞ്ഞെടുത്തത്. മധ്യപ്രദേശ് ഡി.ജി.പി സുധീര്‍ സക്‌സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന്‍ എന്നിവരായിരുന്നു പട്ടികയില്‍ പ്രവീണിന് പുറമെ ഉണ്ടായിരുന്നത്.
നേരത്തെ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടുള്ള പ്രവീണിന്റ നീക്കങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. അധികാരത്തില്‍ എത്തിയാല്‍ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവീണിനെതിരെ നടപടിയെടുക്കുമെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് പ്രവീണിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
Contenthighlight: Karnataka DGP Praveen Sood appoinmented as new CBI director