കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം സമുദായത്തിന് നല്‍കണം: വഖഫ് ബോര്‍ഡ്
national news
കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം സമുദായത്തിന് നല്‍കണം: വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2023, 9:08 am

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം സമുദായത്തില്‍ നിന്നും ജയിച്ചവര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി സുന്നി ഉലമ ബോര്‍ഡ്. ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളും നല്‍കണമെന്ന് വഖഫ് ബോര്‍ഡ് ആവശ്യമുന്നയിച്ചതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

‘ ഉപമുഖ്യമന്ത്രി മുസ്‌ലിം ആകണമെന്നും 30 സീറ്റ് ഞങ്ങള്‍ക്ക് നല്‍കണമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് 15 സീറ്റ് ലഭിച്ചു, 9 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുസ്‌ലിങ്ങള്‍ കാരണമാണ് 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഒരു സമുദായമെന്ന നിലയില്‍ കോണ്‍ഗ്രസിന് ഞങ്ങള്‍ ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അവ തിരിച്ചുലഭിക്കാനുള്ള സമയമാണ്. ഞങ്ങള്‍ക്ക് മുസ്‌ലിം ഉപമുഖ്യമന്ത്രി വേണം. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്നുമുള്ള മന്ത്രി വരണം. ഇവ നല്‍കി ഞങ്ങള്‍ക്ക് നന്ദി അറിയിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണ്. ഇക്കാര്യങ്ങളൊക്കെ ഉറപ്പാക്കാന്‍ സുന്നി ഉലമ ബോര്‍ഡ് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു,’ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നതായി നേതാക്കള്‍ ആവര്‍ത്തിച്ചു.

‘ഇക്കാര്യം തീര്‍ച്ചയായും ഉറപ്പാക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെയുള്ള ഞങ്ങളുടെ ആവശ്യമാണത്. അത് നിറവേറ്റണം. ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രിയെ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 90 ലക്ഷവും മുസ്‌ലിങ്ങള്‍ ആയതിനാല്‍ ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രി ഉണ്ടാവണം. പട്ടികവര്‍ഗ സമുദായമൊഴികെയുള്ള ഏറ്റവും വലിയ ന്യൂനപക്ഷമാണ് ഞങ്ങളുടേത്. ഞങ്ങള്‍ ആവശ്യപ്പെട്ട 30 സീറ്റുകള്‍ ലഭിച്ചില്ല. എന്നാല്‍ എസ്.എം കൃഷ്ണയുടെ കാലത്തെ പോലെ അഞ്ച് മുസ്‌ലിം മന്ത്രിമാരെ ഞങ്ങള്‍ക്ക് വേണം, ഒരു ഉപമുഖ്യമന്ത്രിയേയും. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഒന്‍പത് പേരില്‍ ആര്‍ക്കാണ് ഈ പദവി നല്‍കുകയെന്നത് അപ്രസക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരാണ് നന്നായി പ്രവര്‍ത്തിച്ചത്, ആരാണ് നല്ല സ്ഥാനാര്‍ത്ഥി എന്നതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അക്കാര്യം തീരുമാനിക്കും. പല മുസ് ലിം സ്ഥാനാര്‍ത്ഥികളും മറ്റ് മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ പ്രചരണം നടത്തുകയും ഹിന്ദു-മുസ്‌ലിം ഐക്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയത്തിന് അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. മുസ്‌ലിം സമുദായത്തില്‍ നിന്നും അനുയോജ്യനായ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണം. അത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്,’ സഅദി പറഞ്ഞു.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 13 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകളുടെ ഏകീകരണം കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേട്ടമായി. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മുസ്‌ലിം
സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രംഗത്തിറക്കിയ 15 മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്‍ ഒമ്പത് പേരും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

Contenthighlight: Karnataka deputy cm should be muslim : Waquaf board