ബെംഗളൂരു: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍.
മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിട്ടും കന്നഡികരുടെ സ്വന്തം ടീമായ ബെംഗളൂരുവിന് വിജയിക്കാനായിരുന്നില്ല. എന്നാല്‍ തോറ്റാലും ബെംഗളൂരു ടീം ആരാധകരുടെ ഹൃദയം കീഴടക്കിയെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു ഡി.കെയുടെ ഈ പ്രതികരണം.
‘തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍.സി.ബിയും ഗുജറാത്ത് ടൈറ്റന്‍സും
തമ്മിലുള്ള ആവേശകരമായ മത്സരം കണ്ടു.
നമ്മുടെ കുട്ടികള്‍ ഇത്തവണ തോറ്റിരിക്കാം, പക്ഷേ മികച്ച പ്രകടനത്തിലൂടെ അവര്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി.
എന്തായാലും എന്റെ പ്രിയപ്പെട്ടത് എന്നും ആര്‍.സി.ബിയാണ് കപ്പ് നമ്മുടേതാകുന്ന സമയം വരും. നിരാശപ്പെടരുത്, ശുഭാപ്തിവിശ്വാസം പുലര്‍ത്തുക,’ ഡി.കെ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ഞായറാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് വിക്കറ്റിനാണ് ബെംഗളൂരു തോല്‍വി വഴങ്ങിയത്.
വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന മത്സരത്തിലാണ് വിരാടിന്റെയും ടീമിന്റെയും തോല്‍വി. എന്നാല്‍ ടീം പരാജയപ്പെട്ടെങ്കിലും സെഞ്ച്വറി നേട്ടത്തോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡ് നേടാന്‍ വിരാട് കോഹ്‌ലിക്കായി.