ഇന്ത്യയെ വരെ തോല്‍പിച്ചവരാണ്, പിന്നെയാണ് നിങ്ങള്‍; 2023 ലോകകപ്പ് കളിക്കാന്‍ വന്നവരെ നിലംപരിശാക്കി കര്‍ണാടക
Sports News
ഇന്ത്യയെ വരെ തോല്‍പിച്ചവരാണ്, പിന്നെയാണ് നിങ്ങള്‍; 2023 ലോകകപ്പ് കളിക്കാന്‍ വന്നവരെ നിലംപരിശാക്കി കര്‍ണാടക
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th September 2023, 9:37 am

ലോകകപ്പിന് മുന്നോടിയായുള്ള പ്രാക്ടീസ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് കര്‍ണാടക. ഐ.സി.സി ലോകകപ്പ് ക്വാളിഫയേഴ്‌സില്‍ റണ്ണറപ്പായി ലോകകപ്പിന് യോഗ്യത നേടിയ നെതര്‍ലന്‍ഡ്‌സിനെയാണ് മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ടീം തോല്‍പിച്ചുവിട്ടത്. 124 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ പരാജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 46 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായി. കര്‍ണാടകക്കായി ദേവ്ദത്ത് പടിക്കലും ആര്‍. സമര്‍ത്ഥും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ആര്‍. സമര്‍ത്ഥ് 81 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 56 റണ്‍സും നേടി മടങ്ങി. 27 റണ്‍സുമായി ക്യാപ്റ്റന്‍ അഗര്‍വാളും മികച്ച പിന്തുണ നല്‍കി.

നെതര്‍ലന്‍ഡ്‌സിനായി വിക്രംജീത് സിങ് 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റും റയാന്‍ ക്ലെയ്ന്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കം അമ്പേ പാളിയിരുന്നു. 266 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഡച്ച് പടയുടെ ആദ്യ ഏഴ് ബാറ്റര്‍മാരും പൂജ്യത്തിന് പുറത്തായി. ഏഴാം വിക്കറ്റ് വീഴുമ്പോള്‍ ടീം സ്‌കോര്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു. എക്‌സ്ട്രാസ് വഴിയാണ് ഈ മൂന്ന് റണ്‍സും പിറന്നത്.

ഷാരിസ് അഹമ്മദ് (7) ആര്യന്‍ ദത്ത് (18) എന്നിവര്‍ പുറത്തായപ്പോള്‍ ടീം സ്‌കോര്‍ ഒമ്പത് വിക്കറ്റിന് 36 എന്ന നിലയിലായിരുന്നു. നാണക്കേടിന്റെ പടുകുഴിയിലേക്ക് വീഴുമെന്ന് കരുതിയ നെതര്‍ലന്‍ഡ്‌സിനെ പത്താമനായി കളത്തിലിറങ്ങിയ റയാന്‍ ക്ലെയ്‌നിന്റെ ഇന്നിങ്‌സാണ് താങ്ങി നിര്‍ത്തിയത്. പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്. പോള്‍ വാന്‍ മീകെരനൊപ്പം ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്ലെയ്ന്‍ അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

ഒടുവില്‍ മീരകെനെ പുറത്താക്കി ശുഭാംഗ് ഹെഗ്‌ഡെ കൂട്ടുകെട്ട് പൊളിക്കുകയും ഡച്ച് പടയെ 142 റണ്‍സിന്റെ വമ്പന്‍ പരാജയത്തിലേക്ക് തള്ളിയിടുകയും ചെയ്തു.

കര്‍ണാടകക്കായി വിദ്വത് കവേരപ്പ എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റും വി. കൗശിക് പത്ത് റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.

ഇതാദ്യമായല്ല കര്‍ണാടക ദേശീയ ടീമുകളെ പരാജയപ്പെടുത്തുന്നത്. നേരത്തെ അമേരിക്കന്‍ ദേശീയ ടീമിനെയും നമീബിയയെയും പരാജയപ്പെടുത്തിയ കര്‍ണാടക ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെയും തോല്‍പിച്ചുവിട്ടിരുന്നു.

അതേസമയം, ലോകകപ്പിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഓറഞ്ച് ആര്‍മി ഇന്ത്യയില്‍ കളിക്കുക. സെപ്റ്റംബര്‍ 30ന് ഓസ്‌ട്രേലിയക്കെതിരെയും ഒക്ടോബര്‍ മൂന്നിന് ഇന്ത്യക്കെതിരെയും നെതര്‍ലന്‍ഡ്‌സ് വാം അപ് മാച്ചിനിറങ്ങും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ഈ രണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.

ലോകകപ്പില്‍ പാകിസ്ഥാനെതിരെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ മത്സരം. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ഒക്ടോബര്‍ ആറിന് നടക്കുന്ന മത്സരത്തിന് വേദിയാകുന്നത്.

 

Content Highlight: Karnataka defeated Netherlands in Practice match