| Tuesday, 9th July 2019, 7:51 am

കലങ്ങിമറിഞ്ഞ് കര്‍ണാടക; എം.എല്‍.എമാരെ 'സംരക്ഷിക്കാന്‍' റിസോര്‍ട്ടിലേക്ക് മാറ്റി ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭരണ പ്രതിസന്ധിയിലായ കര്‍ണാടകയില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. ജെ.ഡി.എസും കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.

തിങ്കളാഴ്ച ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ജെ.ഡി-എസിന്റെ നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ എം.എല്‍.എമാരെ ദേവനഹള്ളിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി.

വൈകീട്ട് ബി.ജെ.പിയുടെ യോഗത്തിന് ശേഷം തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി യെലഹങ്ക ദൊഡ്ഡബല്ലാപുരിലെ ഹോട്ടലിലേക്കാണ് മാറ്റുന്നത്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റും.

13 ഭരണപക്ഷ എം.എ.എല്‍.എമാര്‍ രാജിവെക്കുകയും സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷ്, കെ.പി.ജെ.പി അംഗം ആര്‍. ശങ്കര്‍ എന്നിവര്‍ മന്ത്രിസ്ഥാനം രാജിവെച്ച് പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസും ജെ.ഡി-എസും തങ്ങളുടെ ബാക്കി എം.എല്‍.എമാരെ ഏതുവിധേനയും സംരക്ഷിക്കാനാണ് നീക്കം.

വെള്ളിയാഴ്ചയാണ് നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുക. നിലവില്‍ ന്യൂനപക്ഷമായി മാറിയ ഭരണപക്ഷം സഭയില്‍ ബി.ജെ.പിയില്‍നിന്ന് അവിശ്വാസം നേരിടാതിരിക്കാന്‍ കേവല ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

അതേസമയം, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ ഗോവയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ടുപേര്‍ കൂടി ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചതോടെ കൂടുതല്‍ പേര്‍ രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിദര്‍ എം.എല്‍.എയും കായിക -യുവജന ക്ഷേമ മന്ത്രിയുമായ റഹിം മഹ്മൂദ് ഖാന്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശിവാജി നഗര്‍ എം.എല്‍.എ റോഷന്‍ ബേഗുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് റഹീം ഖാന്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ അച്ചടക്ക നടപടി നേരിടുന്ന റോഷന്‍ ബേഗ് എം.എല്‍.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

രാജിവെച്ച രാമലിംഗ റെഡ്ഡിയുടെ മകളും എം.എല്‍.എയുമായ സൗമ്യ റെഡ്ഡി തിങ്കളാഴ്ച ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ ചൊവ്വാഴ്ച നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തേക്കും.

രാജിവെച്ച ജെ.ഡി-എസ് എം.എല്‍.എമാരെ തിരിച്ചെത്തിക്കാമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. രാമലിംഗ റെഡ്ഡിയടക്കം നാലോ അഞ്ചോ കോണ്‍ഗ്രസ് എം.എല്‍.എമാരെ മടക്കിക്കൊണ്ടുവരാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more