ന്യൂദല്‍ഹി: സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി. എം.എല്‍.എമാരെ ഓരോരുത്തരെയായി കണ്ട് പ്രശ്‌നപരിഹാരത്തിന് കുറച്ചുകൂടി സമയം നേടാമെന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയായിക്കുന്നത്.
ഓരോ ദിവസം ഓരോ എം.എല്‍.എമാരെയുമായി കണ്ട് ചര്‍ച്ച നടത്താനായിരുന്നു സ്പീക്കറുടെ തീരുമാനം. എന്നാല്‍ ഇന്ന് ആറു മണിക്കു തന്നെ എല്ലാ എം.എല്‍.എമാര്‍ക്കും ഒരുമിച്ച് സ്പീക്കറെ കാണാനുള്ള അവസരമൊരുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ഇതോടെ എം.എല്‍.എമാര്‍ ഇന്ന് ഉച്ചയോടെ മുംബൈയില്‍ നിന്ന് തിരിക്കാനാണ് സാധ്യത. തങ്ങളെ ഒരുമിച്ചു കാണാന്‍ സ്പീക്കര്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ചായിരുന്നു എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് എം.എല്‍.എമാരുടെ ഹരജി പരിഗണിച്ചത്. വെള്ളിയാഴ്ച വിമത എം.എല്‍.എമാരുടെ ഹരജി കോടതി വീണ്ടും പരിഗണിക്കും. അന്ന് കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയം കൂടുതല്‍ കിട്ടുമെന്നത് മുന്നില്‍ കണ്ടാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് രാജിവെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പറയുകയും രാജിവെക്കില്ലെന്ന് കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോടതി നിര്‍ദേശത്തോടെ അതിനുളള സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്.