| Thursday, 7th November 2019, 5:53 pm

വാതുവെപ്പ് കേസില്‍ അറസ്റ്റിലായ രണ്ടു രഞ്ജി ട്രോഫി താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തു; അറസ്റ്റിലായവരില്‍ ടീം ഉടമയും കൂടുതല്‍ താരങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ കര്‍ണാടക താരങ്ങളെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗ് താരങ്ങളായ സി.എം ഗൗതം, അബ്രര്‍ കാസി എന്നിവര്‍ക്കെതിരെയാണു നടപടി. വിവാദങ്ങളുടെ പേരില്‍ ലീഗ് അവസാനിപ്പിക്കില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ബെല്ലാരി ടസ്‌കേഴ്‌സ് ക്യാപ്റ്റനായ ഗൗതത്തിനെയും അതേ ടീമില്‍ അംഗമായ അബ്രര്‍ കാസിയെയും ഇന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 31-ന് ടസ്‌കേഴ്‌സ്-ഹൂബ്ലി ടൈഗേഴ്‌സ് എന്നിവര്‍ തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് ഒത്തുകളി ആരോപണം വന്നത്. റണ്‍നിരക്ക് കുറച്ച് ബാറ്റ് ചെയ്താല്‍ 20 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇവര്‍ക്കു ലഭിച്ച വാഗ്ദാനം.

അതേസമയം ബെംഗളൂരു ടീമിനെതിരായ മത്സരത്തിലും ഇവര്‍ ഒത്തുകളിച്ചെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മുന്‍ ഇന്ത്യ ‘എ’ താരമായ ഗൗതം, കര്‍ണാടകയ്ക്കും ഗോവയ്ക്കും വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കൂടാതെ, ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍ സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും വേണ്ടി കളിച്ചിരുന്നു. കാസി നേരത്തേ കര്‍ണാടകയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

നേരത്തേ വാതുവെപ്പുമായി ബന്ധപ്പെട്ട് മറ്റൊരു ക്രിക്കറ്റര്‍ നിഷാന്ത് സിങ് ഷെഖാവത്തിനെ കര്‍ണാക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാതുവെപ്പുകാരുമായി ഷെഖാവത്തിന് അടുത്ത ബന്ധമുണ്ടെന്നും ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബൗളിങ് കോച്ചായ വിനു പ്രസാദുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് സന്ദീപ് പാട്ടില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന ബെംഗളൂരു-ബെല്‍ഗാവി മത്സരത്തില്‍ വാതുവെപ്പ് നടത്തി ഷെഖാവത്ത് അഞ്ചു ലക്ഷം രൂപ വാങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു.

അന്വേഷണത്തിനിടെ വിനു പ്രസാദിനെയും ബെല്‍ഗാവി പാന്തേഴ്‌സ് ടീം ഉടമ അലിയെയും ബാറ്റ്‌സ്മാന്‍ വിശ്വനാഥനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാതുവെപ്പുകാരനുമായാണ് അലിക്കു ബന്ധമെന്നു കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more