ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിക്കാത്ത എല്ലാ ഇടങ്ങളിലും ജെ.ഡി.എസിനും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയുന്ന മതിനരപേക്ഷ പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു.ബസവരാജ് പറഞ്ഞു. ബി.ജെപിക്കെതിരായ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്തവണ മത്സരം നാല് സീറ്റില്‍ മാത്രമൊരുക്കിയതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കര്‍ണാടകയില്‍ ഇത്തവണ നാല് സീറ്റുകളിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. ഇതില്‍ മൂന്നിടങ്ങളില്‍ ജെ.ഡി.എസിന്റെ പിന്തുണുയുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നു. ‘ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ജെ.ഡി.എസിനെ മാത്രമല്ല കോണ്‍ഗ്രസിനെയും പൂര്‍ണമായും വിശ്വസിക്കാനാകില്ല. കഴിഞ്ഞ തവണ 12 എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെപിയിലേക്ക് പോയത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ജെ.ഡി.എസിന് കഴിയുന്നിടത്ത് ഞങ്ങള്‍ പര്യമായി ജെ.ഡി.എസിനെ പിന്തുണക്കും. മറ്റു സ്ഥലങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന മതനിരപേക്ഷ കക്ഷികള്‍ക്ക് വോട്ട് ചെയ്യും. അതിനു വേണ്ടി ജനങ്ങളോട് ആവശ്യപ്പെടും’ യു.ബസവരാജ് പറഞ്ഞു.
സി.പി.ഐ.എം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. മുമ്പ് മൂന്ന് തവണ ബാഗേപ്പള്ളിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. ഇത്തവണ ഇവിടെ ജെ.ഡി.എസിന്റെ പരസ്യ പിന്തുണയും സി.പി.ഐ.എമ്മിനുണ്ട്. ബാഗേപ്പള്ളിയില്‍ ഇത്തവണ ജയിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നു. ജെ.ഡി.എസിന് ബാഗേപ്പള്ളിയില്‍ 38,000 വോട്ടുണ്ട്. അതില്‍ നിന്നും 7000 വോട്ട് കിട്ടിയാല്‍ തന്നെ ജയിക്കാനാകും. ജെ.ഡി.എസിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ വലിയ സഹായവും ലഭിക്കുന്നുണ്ടെന്നും യു.ബസവരാജ് പറഞ്ഞു.
നിയമസഭയില്‍ ജനതാദളിന് ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വേണ്ടി നിയമസഭയില്‍ വോട്ട് ചെയ്യുമെന്നും തങ്ങളുടെ പ്രഖ്യാപിത നിലപാട് അതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി യു. ബസവരാജ് പറയുന്നു.
content highlights; Karnataka CPIM State Secretary on Karnataka Elections