| Friday, 25th October 2024, 11:52 am

2014ലെ ദളിത് ആക്രമണക്കേസ്; 101 പേർ കുറ്റക്കാരാണെന്ന് കർണാടക കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കൊപ്പൽ, മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

കേസിൽ കർണാടകയിലെ ഒരു ജില്ലാ കോടതി വ്യാഴാഴ്ച 101 പേരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 പ്രകാരം ശിക്ഷിച്ചു. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും വിധിച്ചു.

2014 ഓഗസ്റ്റ് 29 ന് കോപ്പൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ദളിത് വീടുകൾ അഗ്നിക്കിരയാക്കുകയും ദലിത് സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.

സംഭവം രാജ്യത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി ദളിത് നേതാക്കൾ കൊപ്പൽ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തുകയും ചെയ്തു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ദളിത് നേതാവ് വീരേഷ് മറുകുമ്പിയെ ആ വർഷം അവസാനം കൊപ്പൽ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇതൊരു സാധാരണ ആക്രമണം അല്ലെന്നും ജാതീയപരമായ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പൊലീസ് രേഖപ്പെടുത്തിയ 117 പേരുടെ പേരുകളിൽ 101 പേരുടെ ശിക്ഷ കോടതി ശരിവെച്ചു. പതിനൊന്ന് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

കോടതി, കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ 98 പേർക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മൂന്ന് പേർക്ക് 2000 രൂപ പിഴയും അഞ്ച് വർഷം കഠിന തടവും വിധിച്ചു.

കർണാടകയിലെ പിന്നാക്ക ജില്ലകളിലൊന്നായ കൊപ്പൽ ജില്ലയിൽ മുമ്പും പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും എതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിച്ചതിന് മൂന്ന് വയസ്സുള്ള ദളിത് ആൺകുട്ടിയുടെ പിതാവിന് 25,000 രൂപ പിഴ ചുമത്തിയതും ഇതേ ജില്ലയിലാണ്.

Content Highlight: Karnataka court convicts 101 people for violence against Dalits

We use cookies to give you the best possible experience. Learn more