കര്‍ണാടക സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ് സുരക്ഷിതമാണ്; എല്ലാവരും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഡി.കെ ശിവകുമാര്‍
D' Election 2019
കര്‍ണാടക സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ് സുരക്ഷിതമാണ്; എല്ലാവരും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഡി.കെ ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 4:08 pm

 

ബംഗളുരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.

‘എം.എല്‍.എമാരില്‍ ചിലര്‍ ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ സംസാരിച്ചെന്നത് ശരിയാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. അവരോടെല്ലാം ഞങ്ങള്‍ സംസാരിക്കുകയും സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്യും. പാര്‍ട്ടി സംബന്ധിച്ച് ഞങ്ങളെല്ലാം ഐക്യത്തിലാണ്. ആഭ്യന്തരമായ ചില വിമര്‍ശനങ്ങളുണ്ട്. മുഖ്യമന്ത്രി എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. എല്ലാവരും നിയന്ത്രണത്തിലാണെന്നാണ് കരുതുന്നത്.’

‘സര്‍ക്കാര്‍ വളരെ സുരക്ഷിതരാണ്. സര്‍ക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും.’ എന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ് ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന നേതാവാണ് ഡി.കെ ശിവകുമാര്‍. പല സംസ്ഥാനങ്ങളിലും ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാതെ സംരക്ഷിച്ച നേതാവെന്ന നിലയിലാണ് ശിവകുമാറിനെ ക്രൈസിസ് മാനേജറെന്ന് കോണ്‍ഗ്രസ് അണികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളും തൂത്തുവാരിയിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടു വിമത എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു. ഓപ്പറേഷന്‍ ലോട്ടസിലൂടെ കൂടുതല്‍ എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് വന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

ഈ വാര്‍ത്തകളെല്ലാം വരുമ്പോള്‍ ഡി.കെ ശിവകുമാര്‍ വിദേശത്തായിരുന്നു. മെയ് 20നാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം അദ്ദേഹം പോയത്. ഇന്നലെയാണ് ശിവകുമാര്‍ തിരികെ എത്തിയത്.

അതിനു പിന്നാലെ രാവിലെ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍.ഡി.ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കര്‍ണാടക സര്‍ക്കാര്‍ സുരക്ഷിതമാണെന്നു പറഞ്ഞത്.

ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നിര്‍ണായക യോഗം നടക്കുന്നുണ്ട്. ഒന്ന് രണ്ട് എം.എല്‍.എമാരെ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറയുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ബഫൂണ്‍ എന്നു വിളിച്ച മുതിര്‍ന്ന എം.എല്‍.എ റോഷന്‍ ബെയ്ഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും അത്തരം കാര്യങ്ങള്‍ പരിശോധിക്കാനാണ് യോഗം വിളിച്ചതെന്നും പരമേശ്വര പറഞ്ഞു.