നവ്യ നായരുടെ തിരിച്ചു വരവിന് കളമൊരുക്കിയ ഒരുത്തീ മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ റിലീസായിരിക്കുകയാണ്. തിയേറ്ററിലെത്തിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളും നിവര്‍ത്തിയില്ലാതാവുമ്പോള്‍ അതിനെതിരെ നായിക പ്രതികരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ പ്ലോട്ട്.
അതേസമയം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ രാധാമണിയുടെ ജീവിതത്തോടൊപ്പം കര്‍ണാടക റിസോര്‍ട്ട് രാഷ്ട്രീയവും സിനിമയില്‍ പറയുന്നുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാധാമണിയുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നതും.
അധികാരത്തിനായി രാഷ്ട്രീയക്കാര്‍ കളിക്കുന്ന സര്‍ക്കസിനിടിയില്‍ നിസഹായരായ സാധാരണക്കാരുടെ ജീവിതം പണവും സ്വാധീനവുമുള്ളവരുടെ ചതിയില്‍ അകപ്പെട്ടുപോകുമ്പോള്‍ ജനാധിപത്യം ഒരു ചോദ്യചിഹ്നമാകുന്ന കാഴ്ച കൂടിയാണ് ഒരുത്തീ കാണിക്കുന്നത്.
കര്‍ണാടകയില്‍ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാപനത്തില്‍ നിന്നുമാണ് നായികയായ രാധമണിക്ക് ചതിവ് പറ്റുന്നത്. ജനങ്ങളെ സേവിക്കേണ്ടവര്‍ തന്നെ അവരുടെ ചൂഷകരാകുന്നു.
ചിത്രത്തില്‍ ബി.ജെ.പിക്കാര്‍ സ്വാധിനിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടിലാണ് താമസിപ്പിക്കാന്‍ കൊണ്ടുവരുന്നത്. ഇവരുടെ സുരക്ഷ ചുമതലക്കിടയില്‍ സമ്മര്‍ദ്ദത്തിലാകുന്ന പൊലീസുകാരുടെ അവസ്ഥയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
2019ലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ നാടകം അരങ്ങേറിയത്.
കര്‍ണാടക നിയമസഭയിലെ ബി.ജെ.പി 105 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 78 സീറ്റുകളും ജെ.ഡി.(എസ്) ന് 37 സീറ്റുകളും മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷത്തില്‍ എത്താന്‍ എട്ട് സീറ്റ് കുറവായ ബി.ജെ.പി മറ്റ് എം.എല്‍.എമാരുടെ പിന്തുണ തേടി.
എന്നാല്‍ എം.എല്‍.എമാരെ ബെംഗളൂരുവിന് പുറത്ത് പാര്‍പ്പിച്ച ശിവകുമാര്‍ അവരെ നിരീക്ഷിക്കുകയും കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങി വെയ്ക്കുകയും ചെയ്തിരുന്നു.
ഈ സംഭവമാണ് ഒരുത്തീയിലും കഥയോടൊപ്പം ഒരു വശത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുത്തീ ഒരുങ്ങിയത്. വിനായകനും ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Karnataka Congress resort politics discussed in ORUTHEE