ബെംഗലൂരു: സംസ്ഥാനത്ത് നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിപോവുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു കോടി രൂപ സംഭാവന നല്‍കി.
ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങി പോകുവാന്‍ അനുവദിച്ചിരുന്നു. ഇതിന് വേണ്ടി സ്‌പെഷ്യല്‍ ബസ്സുകളും ട്രെയിനും ഏല്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ബസ്സുകളുടെ സേവനം ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നൂറുകണക്കിന് തൊഴിലാളികള്‍ സ്വകാര്യ വാഹനങ്ങളില്‍ ബസ് ടെര്‍മിനലുകളില്‍ എത്തി. എന്നാല്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആവശ്യത്തിന് ബസ്സുകള്‍ ഏര്‍പ്പാടാക്കിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നൂറു കണക്കിന് പേരാണ് ടെര്‍മിനലുകളില്‍ വലഞ്ഞുപോയതെന്ന് കോണ്‍ഗ്രസ് നേതാവ് രവി ഗൗഡ പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന്റെ കണക്ക്. അതില്‍ തന്നെ 80000 അതിഥി തൊഴിലാളികളാണ് ബെംഗലൂരുവില്‍ മാത്രം ഉണ്ടായിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.