| Sunday, 9th January 2022, 8:28 pm

ഇവിടെ കൊറോണയുമില്ല, ഇവിടെ രോഗവുമില്ല; കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. സംസ്ഥാനത്ത് 8,906 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേ ദിവസമാണ് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. കഴിഞ്ഞ ജൂണിന് ശേഷം കര്‍ണാടകയില്‍ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണിത്.

കുടിവെള്ള പദ്ധതിയുടെ പേരിലായിരുന്നു കോണ്‍ഗ്രസിന്റെ മാര്‍ച്ച്. മാസ്‌ക് പോലും ധരിക്കാതെയാണ് പ്രവര്‍ത്തകരും നേതാക്കളും റാലിയില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറും ചേര്‍ന്നായിരുന്നു മാര്‍ച്ച് നയിച്ചിരുന്നത്.

‘ഞങ്ങള്‍ ജലത്തിന് വേണ്ടിയാണ് നടക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന് ഞങ്ങളെ തടയണം. ഇവിടെ കൊറോണ വൈറസുമില്ല, ഇവിടെ രോഗവുമില്ല. അവര്‍ സിമ്പിളായി 144 പ്രഖ്യാപിച്ചിട്ട് ഈ പ്രദേശത്ത് പ്രവേശനമില്ല എന്ന് പറയുന്നു,’ ശിവകുമാര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

100 എം.എല്‍.എമാരും 200 മുന്‍ എം.എല്‍.എമാരും അഭിനേതാക്കളും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

‘സര്‍ക്കാര്‍ അനാവശ്യമായ ഭീതി പരത്തുകയാണ്. 5000 ആളുകള്‍ ഒത്തുകൂടിയ പരിപാടി മുഖ്യമന്ത്രിക്ക് നടത്താം. അവിടെ കൊവിഡ് വരില്ല. ഇവിടെ എന്തുകൊണ്ട് കൊവിഡ് പരക്കുന്നു,’ ശിവകുമാര്‍ ചോദിച്ചു.

100 കി.മീറ്റര്‍ നീളുന്ന പത്ത് ദിവസത്തെ മാര്‍ച്ച് ഇന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം സര്‍ക്കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ വാരാന്ത്യ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളല്‍ 22,000 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാരാന്ത്യ കര്‍ഫ്യൂ ലംഘിക്കരുതെന്ന് അധികൃതര്‍ ശിവകുമാറിനോട് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

ബംഗളൂരുവിലാണ് പത്ത് ദിവസത്തെ മാര്‍ച്ച് അവസാനിക്കുന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇതിനകം 10 ശതമാനമാണ് ബംഗളൂരില്‍. ശനിയാഴ്ച നഗരത്തില്‍ 7,113 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചിത്രം കടപ്പാട്: എന്‍.ഡി.ടി.വി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: karnataka-congress-padyatra-no-corona-here-dk-shivakumar-says-karnataka-congress-holds-protest-despite-restrictions

We use cookies to give you the best possible experience. Learn more