ബെംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 12 വരെയാണ് കോണ്‍ഗ്രസ് എം.എല്‍.എയായ സംഗമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെ പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ആരോപിച്ചാണ് നടപടി. സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരിയാണ് എം.എല്‍.എ സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭയുടെ നടുത്തളത്തിലെത്തിയ എം.എല്‍.എ സംഗമേഷ് ഷര്‍ട്ടൂരി പ്രതിഷേധിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട സ്പീക്കര്‍ ഇദ്ദേഹത്തോട് വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ സഭയ്ക്കുള്ളില്‍ അനുവദിക്കില്ലെന്നും മാന്യതയില്ലാത്ത പെരുമാറ്റമാണ് എം.എല്‍.എയില്‍ നിന്നുണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു.
‘ഇങ്ങനെയാണോ പെരുമാറേണ്ടത്? നിങ്ങള്‍ തെരുവിലല്ല പ്രതിഷേധം നടത്തുന്നത്. വിയോജിപ്പുകളുണ്ടെങ്കില്‍ തങ്ങളുടെ സീറ്റിലിരുന്ന് വിമര്‍ശിക്കണം. വളരെ നിരുത്തരവാദപരമായ പെരുമാറ്റമാണിത്’, സ്പീക്കര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക