ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയും സമീര്‍ അഹമ്മദ്. ബി.ജെ.പിയില്‍ നിന്നും പത്ത് കോടി രൂപ കുമാരസ്വാമി കൈപ്പറ്റിയെന്നായിരുന്നു സമീറിന്റെ ആരോപണം.
രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും കര്‍ണാടകയിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബസവകല്യാണ്‍ അസംബ്ലി മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് വേണ്ടിയാണ് കുമാരസ്വാമി പണം വാങ്ങിയതെന്നാണ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച് നിയമസഭാംഗമായ ബി നാരായണ റാവു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ബസവകല്യാണില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെയും നിയോഗിക്കില്ലെന്ന് ജെ.ഡി.എസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് 10 കോടി രൂപ സ്വീകരിച്ച ശേഷം കുമാരസ്വാമി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
‘തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് പണമില്ലെന്ന് ദേവഗൗഡ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കുമാരസ്വാമി ബി.ജെ.പിയില്‍ നിന്ന് 10 കോടി രൂപ കൈപ്പറ്റിയിരിക്കുന്നു. കുമാരസ്വാമീ, നിങ്ങള്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്, എന്തുകൊണ്ടാണ് ഈ നിലയിലേക്ക് അധ:പതിച്ചത്,’സമീര്‍ അഹമ്മദ് ചോദിച്ചു.
കുമാരസ്വാമി ബി.ജെ.പിയുടെ ഏജന്റായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്തിനാണ് ബി.ജെ.പിയില്‍ നിന്ന് പണം സ്വീകരിച്ചത്. ഇത് ദല്ലാള്‍ പണമാണ്. നിങ്ങള്‍ ബി.ജെ.പിയുടെ ഏജന്റാണ്. ദേവഗൗഡയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് തന്നെ ലജ്ജാകരമാണ്, സമീര്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളോട് പ്രതികരിച്ച ജെ.ഡി.എസ് വക്താവ് തന്‍വീര്‍ അഹമ്മദ് സമീറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്നായിരുന്നു പറഞ്ഞത്.
സമീര്‍ അഹമ്മദ് വായില്‍ തോന്നുന്ന എന്തും വിളിച്ചുപറയുന്ന ഒരാളാണ്. അദ്ദേഹം ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയും മൂന്ന് തവണ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് എം.എല്‍.എ ആകുകയും ചെയ്ത വ്യക്തിയാണ്. അന്ന് ഞങ്ങള്‍ക്ക് എവിടുന്നായിരുന്നു പണം ലഭിച്ചത് എന്ന് ഒന്ന് പറയാമോ?
ന്യൂനപക്ഷങ്ങള്‍ക്കായി പോരാടാനുള്ള അടിസ്ഥാനം പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് വിട്ടുനില്‍ക്കണം, തന്‍വീര്‍ അഹമ്മദ് പറഞ്ഞു. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും വോട്ടെണ്ണല്‍ മെയ് 2 നുമാണ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക