കര്‍ണാടകയില്‍ രാജിവെച്ച മന്ത്രി എച്ച് നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു; കുമാരസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി
national news
കര്‍ണാടകയില്‍ രാജിവെച്ച മന്ത്രി എച്ച് നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു; കുമാരസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 12:09 pm

ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച മന്ത്രി എച്ച് നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി പക്ഷത്തെ എം.എല്‍.എ മാരുടെ എണ്ണം 106 ആയി. 106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്ര എം.എല്‍.എയാണ് നാഗേഷ്. ഒരു മാസം മുമ്പാണ് നാഗേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെച്ചതായാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് രാജിയെന്നാണ് സൂചന.

ഗവര്‍ണറെ കണ്ടാണ് നാഗേഷ് രാജി സമര്‍പ്പിച്ചത്. നാഗേഷ് ഇപ്പോള്‍ രാജ്ഭവനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 എം.എല്‍.എമാരുടെ പിന്തുണയാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നത്.

നേരത്തെ നാഗേഷിനെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചാണ് അദ്ദേഹം പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ക്കൊപ്പമാണ് വിമത എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. രണ്ടുമണിക്കൂറിലേറെ രാജ്ഭവനില്‍ ഇവര്‍ ചിലവഴിച്ചത് ദുരൂഹമാണെന്നാണ് ജി. പരമേശ്വര പറഞ്ഞത്.

ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നില്‍ ബി.ജെ.പി തന്നെയാണെന്നതിന് ഇതുതന്നെയാണ് തെളിവെന്നും പരമേശ്വര ആരോപിക്കുന്നു.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതിനുശേഷം എം.എല്‍.എമാര്‍ എല്ലാവരും ഗവര്‍ണറെ കാണാനായി പോകുകയാണുണ്ടായത്. സ്പീക്കറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം.