| Saturday, 2nd April 2022, 8:03 am

എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണം: കര്‍ണാടക കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടു.

മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കര്‍ണാടകയില്‍ അരങ്ങേറുന്ന ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നിവരാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളും എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ) ആണ് ഹിജാബ് വിഷയത്തിന് പിന്നിലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ ആരോപിച്ചിരുന്നു.

ഇരു സംഘടനകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ മുറവിളി തുടങ്ങിയിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐയെയും പി.എഫ്.ഐയെയും ഉടന്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്നായിരുന്നു കര്‍ണാടക ആഭ്യന്ത്ര മന്ത്രി അരഗ ജ്ഞാനേന്ദ്ര മൂന്നാഴ്ച മുമ്പ് വ്യക്തമാക്കിയത്.

ഇരുവരേയും നിരോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടില്ല എന്നായിരുന്നു ജ്ഞാനേന്ദ്ര അറിയിച്ചത്.

ഫെബ്രുവരിയില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള ആവശ്യം ശക്തമായത്.

‘പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും പി.എഫ്.ഐയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐ ഒരു രാഷ്ട്രീയ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഇരുസംഘടനകളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍,’ എന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.

അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഹിജാബ്, ഹലാല്‍ വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കാന്‍ പ്രവര്‍ത്തകരോട് കോണ്‍ഗ്രസും ബി.ജെ.പിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിദ്ധഗംഗാ മഠത്തിലെത്തി പ്രചാരണങ്ങള്‍ക്ക് അമിത് ഷായും രാഹുല്‍ഗാന്ധിയും തുടക്കം കുറിച്ചു.

ഒറ്റക്കെട്ടായി നിന്നാല്‍ ഭരണം നേടാമെന്നും പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രബല വോട്ടു ബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദത്തോടെയാണ് ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളില്‍ അമിത് ഷാ പങ്കെടുത്തപ്പോള്‍, ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദം തേടിയാണ് രാഹുല്‍ഗാന്ധിയും പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്.

Content Highlight: Karnataka: Congress leaders meet CM Bommai; demand ban on SDPI, Popular Front

We use cookies to give you the best possible experience. Learn more