ബംഗളൂരു: സ്വാതന്ത്ര ദിനാഘോഷ ചടങ്ങിനിടെ വനിത എം.എല്‍.സിയുടെ കൈയ്യില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ടി പി രമേഷ് രാജിയ്ക്ക് തയ്യാറായത്. എം.എല്‍.സി വീണ അച്ചയ്യയുടെ കൈയില്‍ രമേഷ് പിടിക്കുന്നതിന്റെയും വീണ കൈയ്യെടുത്തു മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് കര്‍ണാടക സില്‍ക്ക് മാര്‍ക്കറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഇദ്ദേഹം രാജിവെച്ചത്.
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മസ്ഥലയില്‍ ആരോഗ്യ ക്യാമ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിനിടയിലായിരുന്നു ടി.പി രമേഷ് വീണയുടെ കൈയ്യില്‍ പിടിച്ചത്. രമേഷ് തന്റെ കൈയ്യില്‍ കയറി പിടിക്കുകയും, തടി കുറഞ്ഞെന്ന് പറയുകയും ചെയ്‌തെന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പ് തനിക്ക് പാര്‍ട്ടിയില്‍ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വീണ പ്രതികരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിലാണ് രമേഷ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ മടിക്കിരി മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ടി.പി രമേഷ്.
എന്നാല്‍ വീണ തനിക്ക് സഹോദരിയെ പോലെയാണെന്നാണ് രമേഷിന്റെ വാദം. താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും നേരത്തെ രമേഷ് പറഞ്ഞിരുന്നു.
വീഡിയോ