ബെംഗളൂരു: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കത്തിക്കാന്‍ മാധ്യമമേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി യൂട്യൂബ് ചാനലും രണ്ടാം ഘട്ടത്തില്‍ പത്രവും ആരംഭിക്കാനാണ് കര്‍ണാടക കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം ബെംഗളൂരുവിലെ കെ.പി.സി.സി ഓഫീസില്‍ പ്രത്യേക സ്റ്റുഡിയോ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജനങ്ങളിലേക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ എത്തിക്കുക, പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുക, ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയായിരിക്കും മാധ്യമ സംരഭത്തിന്റെ മുഖ്യ അജണ്ടകള്‍.
‘കോണ്‍ഗ്രസ് എത്രത്തോളം മോഡേണ്‍ ആണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയില്ല. കഴിഞ്ഞ 50 വര്‍ഷമായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല എന്ന ബി.ജെ.പിയുടെ പ്രചാരണം തെറ്റാണ്. അവര്‍ ചരിത്രം വളച്ചൊടിക്കുകയാണ്.
അതേപോലെ തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചില സമയങ്ങളില്‍ സമൂഹത്തിലെ അടിത്തട്ടിലേക്ക് എത്തിച്ചേരുന്നില്ല എന്നത് ഒരു വസ്തുതയാണ്.
അതുകൊണ്ട് ഞങ്ങള്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ പോവുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പത്രം ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ആ തീരുമാനം ഫൈനലൈസ് ചെയ്തിട്ടില്ല്,’ കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖര്‍ പ്രതികരിച്ചു.
മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന തോന്നലും പുതിയ സംരഭം തുടങ്ങുന്നതിന് പിന്നിലുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ ജാഗോ ബഗ്ലായുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും പത്രം തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ജാഗോ ബംഗ്ലാ എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പത്രത്തിന് ലഭിക്കുന്ന സ്വീകാര്യത എത്രത്തോളം ലഭിക്കുന്നുണ്ട് എന്നീ കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാവും പത്രം ആരംഭിക്കുക.