കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല; കാരണങ്ങള്‍ ഇതൊക്കെ
national news
കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല; കാരണങ്ങള്‍ ഇതൊക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 3:57 pm

ബെംഗളൂരു: ഇരുപതോളം ബി.ജെ.പി എം.എല്‍.എമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ഭാവി തുലാസിലാണെന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഈ അവസ്ഥയെ മുതലെടുത്ത് യെദിയൂരപ്പ സര്‍ക്കാരിനെ താഴെയിറക്കേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

യെദിയൂരപ്പ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ സിദ്ധരാമയ്യ ക്യാമ്പും ഡി.കെ ശിവകുമാറിന്റെ ക്യാമ്പും തീരുമാനിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാര്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം അടുത്തിടെ മാത്രമാണ് ഏറ്റെടുത്തത്. നേതാക്കളുടെയും പ്രവര്‍ത്തകര്‍ക്കിടയിലും തന്നെ ഉറപ്പിക്കുന്നതിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിവകുമാറിന് വേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പെട്ടെന്ന് നടക്കുകയാണെങ്കില്‍ അദ്ദേഹത്തിനനുകൂലമായി വരില്ലെന്ന് ശിവകുമാര്‍ ക്യാമ്പില്‍ നിന്നുള്ള നേതാവ് പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ താഴെ വീണാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയരുക എന്ന ശിവകുമാറിന്റെ പദ്ധതിയ്ക്ക് തടസ്സമായിരിക്കുമെന്നും അവര്‍ കരുതുന്നു.

കാത്തിരുന്ന് കാണുക എന്ന നയം സ്വീകരിക്കുകയാണ് സിദ്ധരാമയ്യ ക്യാമ്പ്. കര്‍ണാടക ഭരിക്കുന്ന ബി.ജെ.പിയിലെ ചില എം.എല്‍.എമാര്‍ തന്നെ സന്ദര്‍ശിച്ചെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞിരുന്നു.

തന്നെ സമീപിച്ച വിമത ബി.ജെ.പി എം.എല്‍.എമാരില്‍ വേണ്ടത്ര വിശ്വാസം സിദ്ധരാമയ്യക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതില്ല എന്നും ഇവര്‍ കരുതുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക