കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; ഗവ. കോളജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു
national news
കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; ഗവ. കോളജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 5:02 pm

മംഗളൂരു: എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിക്കമഗംളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു.

ഹിജാബും കാവി ഷാളും കോളേജില്‍ നിരോധിക്കാന്‍ അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പള്‍ അനന്ത് മൂര്‍ത്തി അറിയിച്ചു.

ക്ലാസ് മുറികളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ജനുവരി 4നാണ കാവി നിറത്തിലുള്ള ഷാളുകള്‍ ധരിച്ച് 50 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് കോളേജിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.

850 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നായിരുന്നു സംഘം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നത്.

‘ഹിന്ദു വിദ്യാര്‍ഥികള്‍ കാവി സ്‌കാര്‍ഫും മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. തലമറയ്ക്കാന്‍ അവര്‍ക്ക് ഷാള്‍ ധരിക്കുന്നതിന് വിരോധമില്ല. നിയമം ലംഘിച്ചാല്‍ കോളജില്‍നിന്ന് പിരിച്ചുവിടുന്നതിന് കാരണമാകും,’ ഇങ്ങനെയാണ് ഹിജാബ് നിരോധിച്ച നടപടിയെക്കുറിച്ച് അതികൃധര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ മാസം കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാത്ത കോളേജ് അധികൃതരുടെ നടപടിയ്ക്കെതിരെ കളക്ടറുടെ ഇടപെടലുണ്ടായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാനായിരുന്നു കളക്ടര്‍ ഉത്തരവിട്ടിരുന്നത്. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജിലാണ് വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ മൂന്ന് ദിവസത്തോളം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. സ്‌കൂള്‍ യൂണിഫോമിന് ഹിജാബ് വിലങ്ങുതടിയാണെന്ന് കാണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പാളിന്റെ നടപടി.