ന്യൂദല്‍ഹി: കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് വിമതര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍. പി.സി ജോര്‍ജിന്റെ കാര്യത്തില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് റോത്തഗി ഇത്തരമൊരു വാദം ഉയര്‍ത്തിയത്.
അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എം.എല്‍.എക്ക് രാജിവയ്ക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയത്. അയോഗ്യത സംബന്ധിച്ച ആവശ്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ സ്പീക്കര്‍ക്ക് രാജി കത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലയെന്നും പി.സി ജോര്‍ജ് കേസ് സൂചിപ്പിച്ചുകൊണ്ട് റോത്തഗി വാദിച്ചു.
പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നിയമസഭാ സ്പീക്കറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജി നല്‍കിയെങ്കിലും അത് സ്വീകരിക്കാതെ ജോര്‍ജിനെ അയോഗ്യനാക്കിക്കൊണ്ടും രാജി തള്ളിക്കൊണ്ടും സ്പീക്കര്‍ 2015 നവംബര്‍ 13നെടുത്ത തീരുമാനമായിരുന്നു കോടതി റദ്ദാക്കിയത്.
രാജിക്കത്ത് സമര്‍പ്പിച്ചിട്ടും അത് സ്വീകരിക്കാതെ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ദുരുദ്ദേശ്യപരമാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. സ്പീക്കറുടെ നടപടി ഭരണഘടനാ വ്യവസ്ഥയുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രാജിക്കത്ത് നിരസിച്ച് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടിയ്‌ക്കെതിരെ പി.സി ജോര്‍ജ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് വി. ചിദംബരേഷായിരുന്നു ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.