സ്പീക്കറെ തളയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി
Karnataka crisis
സ്പീക്കറെ തളയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2019, 11:59 am

 

ന്യൂദല്‍ഹി: കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ അയോഗ്യര്‍ ആക്കണം എന്ന അപേക്ഷയില്‍ തീരുമാനം ആദ്യ ഉണ്ടാകണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് ഭരണഘടനാ പരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് സ്പീക്കറെ തളയ്ക്കാനാവില്ല.’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എം.എല്‍.എക്ക് രാജിവയ്ക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് വിമത എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പി.സി ജോര്‍ജ് കേസാണ് റോത്തഗി ചൂണ്ടിക്കാട്ടിയത്.

അയോഗ്യത സംബന്ധിച്ച ആവശ്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ സ്പീക്കര്‍ക്ക് രാജി കത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലയെന്നും റോത്തഗി പറഞ്ഞു.

നിങ്ങളുടെ വാദം കോടതി അംഗീകരിക്കുകയാണെങ്കില്‍ എന്ത് ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

‘വിമത എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകണം. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടുതേടാന്‍ നിര്‍ദേശിക്കണം’ എന്നാണ് റോത്തഗി മറുപടി നല്‍കിയത്.