മിസ്റ്റര്‍ നദ്ദ, മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കുന്നത് മോദിയാണ്; കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയുമായി സിദ്ധരാമയ്യ
ബെംഗളുരു: ഇന്ത്യ മുന്നണിക്ക് മാധ്യമപ്രവർത്തകരെ പേടിയാണെന്നുള്ള ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ പരിഹാസത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സത്യം വെളിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മാധ്യമപ്രവർത്തകരുടെ പട്ടിക പുറത്തുവിട്ടാണ് സിദ്ധരാമയ്യ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച് ഇന്ത്യ മുന്നണി പട്ടിക പുറത്തുവിട്ടിരുന്നു. പ്രതിപക്ഷത്തിനെതിരെയുള്ള പക്ഷപാതപരമായ റിപ്പോർട്ടിങ് ചൂണ്ടിക്കാണിച്ചായിരുന്നു ബഹിഷ്കരണം.
മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, ആൾട്ട് ന്യൂസ് സ്ഥാപൻ മുഹമ്മദ് സുബൈർ, കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ പങ്കുവച്ച് നിങ്ങൾ മാധ്യമങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ മറന്നിട്ടുണ്ടാകാം, ഇന്ത്യ മുന്നണി മറന്നിട്ടില്ല എന്ന കുറിപ്പോടെയാണ് സിദ്ധരാമയ്യയുടെ പോസ്റ്റ്.
കഴിഞ്ഞ 10 വർഷമായി ഒരു വാർത്താ സമ്മേളനത്തിൽ പോലും സംസാരിക്കാത്ത നരേന്ദ്ര മോദി ഇന്ത്യയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും ബഹിഷ്കരിക്കുകയാണെന്നും കുറിപ്പിനൊപ്പം പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു.
‘മിസ്റ്റർ ജെ.പി നദ്ദ, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു വാർത്താസമ്മേളനത്തിൽ പോലും സംസാരിക്കാതെ മുഴുവൻ ഇന്ത്യൻ മാധ്യമപ്രവർത്തകരെയും ബഹിഷ്കരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ നാവായി മാത്രം പ്രവർത്തിക്കുന്ന, മാധ്യമ ധാർമികതയിൽ വെള്ളം ചേർത്ത 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കുന്നതിൽ എന്താണ് തെറ്റ്?’ അദ്ദേഹം ചോദിച്ചു.
പ്രസ് ഫ്രീഡം ഇൻഡക്സിൽ 2015ൽ 136-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം 2023ൽ 161-ാമത്തെ സ്ഥാനത്താണെന്നും ഇതിനെ കുറിച്ച് ബി.ജെ.പിക്ക് എന്താണ് പറയാനുള്ളതെന്നും സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചു.
ഒരു രാഷ്ട്രീയ പാർട്ടി മാധ്യമങ്ങളിൽ വരാത്തത്തും സംവാദങ്ങളിൽ പങ്കെടുക്കാത്തതുമല്ല മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന പ്രശ്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ചതാണ് യഥാർത്ഥത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ ബലി കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlight: Karnataka CM slams JP Nadda and BJP over journalists’ boycott