മൈസൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍ നിന്ന് പുറത്തേക്ക് വരുന്ന സിദ്ധരമായ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടി നല്‍കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
ബംഗളൂരു: മറ്റൊരാളെക്കൊണ്ട് ഷൂ ധരിപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണിത്.
മൈസൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍ നിന്ന് പുറത്തേക്ക് വരുന്ന സിദ്ധരമായ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടി നല്‍കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഒരു കാലിലെ ഷൂലേസ് കെട്ടിനല്‍കിയ ആള്‍ക്ക് സിദ്ധരമായ്യ അടുത്ത കാലുകൂടി നീട്ടി നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. സഹപ്രവര്‍ത്തകരിലൊരാളാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യയുടെ മാധ്യമോപദേഷ്ടാവ് രംഗത്തെത്തി. സഹപ്രവര്‍ത്തകരിലൊരാളാണ് ഷൂ ഇട്ട് നല്‍കിയതെന്ന് ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന്റെ ബന്ധുവാണ് ഷൂ ധരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഒരു കപട സോഷ്യലിസ്റ്റിന്റെ ധാര്‍ഷ്ട്യമാണ് ഈ കാണുന്നതെന്ന് കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി രവി സംഭവത്തോട് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെയും സമാന വിവാദത്തില്‍ പെട്ടിരുന്നു. മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജീവനക്കാരനെ കൊണ്ട് തന്റെ ചെരുപ്പ് എടുപ്പിച്ച മന്ത്രിയുടെ നടപടിയായിരുന്നു വിവാദമായത്. വരള്‍ച്ച ബാധിത പ്രദേശമായ ലാത്തൂരിലെ മന്‍ജാര നദിക്ക് സമീപമായിരുന്നു സംഭവം.
കൂടാതെ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിക്കുന്ന ചിത്രം പുറത്തുവന്നതോടെ മുന്‍ കേരള നിയമസഭ സ്പീക്കര്‍ എന്‍. ശക്തനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് മറ്റൊരാളെക്കൊണ്ട് ചെരുപ്പഴിപ്പിച്ചതെന്ന വാദവുമായി പിന്നീട് അദ്ദേഹം രംഗത്തുവന്നിരുന്നു.