| Sunday, 25th July 2021, 10:14 am

പിന്നില്‍ ചരടുവലിച്ച് യെദിയൂരപ്പ, കളത്തിലിറങ്ങി മകന്‍ വിജയേന്ദ്ര; കര്‍ണാടകയിലെ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക ബി.ജെ.പി. സര്‍ക്കാരില്‍ നേതൃമാറ്റച്ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ ബി.ജെ.പി. ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര. ശനിയാഴ്ചയാണ് ഉന്നത നേതാക്കളുമായി വിജയേന്ദ്ര കൂടിക്കാഴ്ച നടത്തിയത്.

നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്നുതന്നെയാണ് യെദിയൂരപ്പ നല്‍കുന്ന സൂചനകള്‍. ബി.ജെ.പി. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ 26 ന് ഒരു പ്രധാന തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.

ഇതുവരെ പാര്‍ട്ടി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെടുകയാണെങ്കില്‍ രാജിവെച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

‘ഇതുവരെ എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ ഞാന്‍ രാജിവെച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഞാന്‍ ഒരു പേരും ശുപാര്‍ശ ചെയ്തിട്ടില്ല. പാര്‍ട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ജൂലൈ 26 ന് ശേഷം എന്ത് സംഭവിക്കും എന്നുനോക്കാം,”യെദിയൂരപ്പ പറഞ്ഞു.

അതേസമയം, യെദിയൂരപ്പയുടെ രാജി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി രംഗത്തെത്തിയിരുന്നു.

യെദിയൂരപ്പയോട് രാജിവെക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്ന് ജോഷി പറഞ്ഞു. നിലവില്‍ പ്രചരിക്കുന്നതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും ജോഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റി പ്രല്‍ഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ യെദിയൂരപ്പയോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി തനിക്ക് യാതൊരു സൂചനയുമില്ലെന്ന് പ്രഹാദ് ജോഷി പറഞ്ഞു. യെദിയൂരപ്പയ്ക്ക് പകരക്കാരനായി താന്‍ വരുമെന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് ഇത് ചര്‍ച്ച ചെയ്യുന്നതെന്നും ജോഷി പറഞ്ഞു. തങ്ങള്‍ക്കുള്ളത് ഹൈക്കമാന്റല്ലെന്നും ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മന്ത്രിസഭയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകളടക്കം വന്നിരുന്നു. എന്നാല്‍ കര്‍ണാടക ബി.ജെ.പിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ വരാന്‍ പോകുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Karnataka CM’s son meets BJP high command; major decision likely on July 26

We use cookies to give you the best possible experience. Learn more