|

34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; ആദ്യ ജനപ്രിയ ബജറ്റുമായി എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ട് 34000 കോടി രൂപയുടെ കാര്‍ഷിക കടമാണ് ആദ്യ ബജറ്റില്‍ എഴുതിത്തള്ളിയത്. വരള്‍ച്ചമൂലം കഴിഞ്ഞ നാല് വര്‍ഷമായി ദുരിതമനുഭവിക്കുന്ന നിരവധി കര്‍ഷകരുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നത്.

2017 ഡിസംബര്‍ 31 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷവും അതിന് താഴെയുമുള്ള വായ്പ തുകയാണ് എഴുതിത്തള്ളുന്നതെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

വായ്പാ തുക കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് അടച്ച തുക തിരിച്ചുനല്‍കാനോ അല്ലെങ്കില്‍ 25000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനോ തീരുമാനിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ഇന്ധനവിലയില്‍ നിന്നും രണ്ട് ശതമാനം കൂടുതല്‍ നികുതിയിനത്തില്‍ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 1.14 രൂപയും ഡീസലിന് 1.12 ലിറ്റര്‍ രൂപയുടേയും വര്‍ധനയുണ്ടാകും.

ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി സംസ്ഥാനത്ത് 4 ശതമാനമായി വര്‍ധിപ്പിച്ചതായും കുമാരസ്വാമി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഈ സര്‍ക്കാരിന്റെ കാലത്തും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടില്ലാത്തവര്‍ക്കായി 20 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പുതിയ ബജറ്റില്‍ മുന്‍ ബജറ്റിനെ തള്ളുന്ന യാതൊന്നും ഉണ്ടാകില്ലെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം സിദ്ധരാമയ്യയ്ക്ക് താന്‍ ഉറപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നഗരങ്ങളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ മാലിന്യ സംസ്‌കരണത്തിനും പദ്ധതി കൊണ്ടുവന്നിട്ടുണ്ട്.