| Friday, 25th May 2018, 5:25 pm

ബി.ജെ.പി സഖ്യം രാഷ്ട്രീയജീവിതത്തിലെ കറുത്തപാട്; ദേവഗൗഡയോട് മാപ്പുപറഞ്ഞ് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു:ബി.ജെ.പിയുമായി മുമ്പ് സഖ്യമുണ്ടാക്കിയത് രാഷ്ട്രീയജീവിതത്തിലെ കറുത്തപാടെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയോട് മാപ്പ് പറയുന്നെന്നും കുമാരസ്വാമി പറഞ്ഞു. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് കുമാര സ്വമിയുടെ വികാരഭരിതമായ വാക്കുകള്‍.

സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു. കര്‍ഷകര്‍ക്ക് തന്റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്തത്. ഭാവിയില്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണ് കുമാരസ്വാമി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചത്.


Read Also : ‘ ആ ഡിഗ്രി സര്‍ട്ടിഫിക്കറ്റൊന്ന് പോസ്റ്റു ചെയ്ത് കാണിക്ക്’ മോദിയെ ചാലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയ; പ്രതികരിക്കാതെ മോദി


എന്നാല്‍ കുമാരസ്വാമി വിശ്വാസവഞ്ചകന്‍ ആണെന്നും, മുമ്പ് സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നു എന്ന് പറഞ്ഞാണ് യെദ്യൂരപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി കാണിക്കാന്‍ യെദ്യൂരപ്പ കുമാരസ്വാമിയെ വെല്ലുവിളിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള തന്റെ തീരുമാനം നടാപ്പാക്കിയില്ലെങ്കില്‍ മെയ് 28ന് കര്‍ണാടക ബന്ദ് നടത്തുമെന്നും യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കി.

117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെദ്യൂരപ്പ ജെ.ഡി.എസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. പിന്നാലെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

We use cookies to give you the best possible experience. Learn more