| Saturday, 16th March 2019, 7:09 pm

ഡാനിഷ് പാര്‍ട്ടി വിട്ടതിന് പിന്നില്‍ പ്രത്യേക ധാരണ; തന്റെയും ദേവെഗൗഡയുടെയും അനുവാദത്തോടെയെന്നും കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ജെ.ഡി.എസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നത് പ്രത്യേകധാരണ അനുസരിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെയും ദേവെഗൗഡയുടെയും അനുവാദത്തോടെയാണ് തീരുമാനമെന്നും കുമാരസ്വാമി പറഞ്ഞു.

യു.പിയില്‍ നിന്ന് മല്‍സരിക്കാന്‍ ഡാനിഷ് അലിക്ക് ആലോചനയുണ്ടെന്നും അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്ന വാര്‍ത്തയോടു പ്രതികരിക്കവേ കുമാരസ്വാമി പറഞ്ഞു.

Read Also : പള്ളികളില്‍ നിയന്ത്രണമെന്ന വാര്‍ത്തകള്‍ വ്യാജം; ന്യൂസിലാന്റിലെ മലയാളിയായ പള്ളി ഇമാം സുബൈര്‍ സഖാഫി

അതേസമയം അംറോഹ മണ്ഡലത്തിലാണ് ഡാനിഷ് അലി മത്സരിക്കാന്‍ സാധ്യത. ഇവിടെ ജെ.ഡി.എസ്സും ഡാനിഷ് അലിയെ പിന്തുണയ്ക്കും. ഡാനിഷ് അലിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് എച്ച്.ഡി ദേവഗൗഡ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ജനതാദള്‍ എസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നത്. ലക്‌നൗവില്‍ ബി.എസ്.പി ആസ്ഥാനത്ത് പാര്‍ട്ടി എം.പി സതീഷ് ചന്ദ്ര മിശ്രയില്‍ നിന്നാണ് ഡാനിഷ് അലി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബി.എസ്.പിയില്‍ ചേരുന്നത് എന്നായിരുന്നു ഡാനിഷ് അലി പറഞ്ഞത്.

കര്‍ണാടകയിലെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമാകുന്നതിന് നിര്‍ണായക പങ്കു വഹിച്ചവരിലൊരാളാണ് ഡാനിഷ് അലി. നിലവില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് ഏകോപന സമിതി കണ്‍വീനര്‍ ആണ് ഡാനിഷ് അലി. തുടര്‍ച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ ഡാനിഷ് അലി അതൃപ്തനായിരുന്നു. മൂന്ന് വര്‍ഷം മുമ്പും പാര്‍ട്ടി വിടാന്‍ ഒരുങ്ങിയെങ്കിലും ദേവഗൗഡയുടെ ഇടപെടലില്‍ തീരുമാനം മാറ്റുകയായിരുന്നു.

We use cookies to give you the best possible experience. Learn more