| Monday, 22nd June 2020, 10:48 am

ബെംഗളൂരുവില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാകാതെ ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 1.0 ക്ക് പിന്നാലെ ബെംഗളൂരുവിലെ കൊവിഡ് കേസുകളില്‍ രേഖപ്പെടുത്തുന്നത് വന്‍ വര്‍ധന. സമ്പര്‍ക്കപ്പട്ടികയുള്‍പ്പെടെ തയ്യാറാക്കുന്നതില്‍ വലിയ വെല്ലുവിളി തങ്ങള്‍ നേരിടുകയാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

ജൂണ്‍ എട്ട് മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 796 കൊവിഡ് കേസുകളാണ് ബെംഗളൂരു സിറ്റിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ തന്നെ 522 പേര്‍ക്ക് എവിടെ നിന്നും വൈറസ് പിടിപെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരിലാണ് കൂടുതലായും വൈറസ് കാണുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമായിരുന്നെന്നും എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ സമ്പര്‍ക്കപ്പട്ടിക പലപ്പോഴും ലഭ്യമാകുന്നില്ലെന്നും അതുകൊണ്ട് തന്നെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുവെന്നും ആരോഗ്യവകുപ്പ് പറയുന്നു.

സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. അണ്‍ലോക്ക് വണ്ണിന് ശേഷം ആളുകള്‍ വലിയ രീതിയില്‍ സംസ്ഥാനത്തേക്ക് വരുന്നുണ്ട്. മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് രേഖപ്പെടുത്തിയ കേസുകളില്‍ 80 ശതമാനം കേസുകളും പ്രൈമറ്റി, സെക്കന്ററി കോണ്‍ടാക്ട് വഴിയാണ് ഉണ്ടായിരിക്കുന്നത്. രോഗം വന്നയാളുടെ ബന്ധുക്കള്‍ക്കും അയല്‍വീട്ടിലുള്ളവര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.

സുഹൃത്തുക്കളുമായും അയല്‍ക്കാരുമായും കടക്കാരുമായും വാഹനത്തില്‍ ഒരുമിച്ച് യാത്രചെയ്യുന്നവരുമായും 15 മിനുട്ടിലേറെ സമയം ഇടപഴകിയ എല്ലാവരിലും വൈറസ് പിടിപെട്ടതായാണ് അറിയാന്‍ കഴിയുന്നത്.

പലരും കോണ്‍ടാക്ടുകള്‍ ഏതാണെന്ന് കൃത്യമായി പറയാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ കൂടിയായ ഡോ. ലോകേഷ് എം. പറഞ്ഞു.

അതേസമയം ബെംഗളൂരുവില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more