മുംബൈ: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ശിവസേന(ഉദ്ധവ് ബാലേസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
സഞ്ജയ് റാവത്ത് ഒരു ചൈനീസ് ഏജന്റാണെന്നും രാജ്യദ്രോഹിയാണെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞത്.
കര്‍ണാടകയിലേക്ക് കടക്കാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയ പോലെ തങ്ങളും ചെയ്യുമെന്നുമായിരുന്നു സഞ്ജയ് റാവത്ത് രണ്ട് ദിവസം മുമ്പ് പറഞ്ഞത്. ഇതിന് മറുപടിയെന്നോണമായിരുന്നു ബൊമ്മൈയുടെ പ്രതികരണം.
സഞ്ജയ് റാവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
”സഞ്ജയ് റാവത്ത് ഗുരുതരമായ ഒരു പ്രസ്താവനയാണ് നടത്തിയത്. ഇവര്‍ ചൈനീസ് അനുകൂലികളാണോ? ഞാന്‍ അവരെ ചൈനീസ് ഏജന്റുമാര്‍ എന്ന് വിളിക്കണോ? ചൈനയുടെ ഏജന്റാണ് സഞ്ജയ് റാവത്ത്. അദ്ദേഹം ഒരു രാജ്യദ്രോഹിയാണ്.
സഞ്ജയ് റാവത്ത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നശിപ്പിക്കുകയാണ്. ദേശവിരുദ്ധര്‍ എന്നല്ലെങ്കില്‍ പിന്നെ അവരെ എന്തു വിളിക്കാനാണ്? അവര്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും, നമ്മള്‍ കാര്യമാക്കേണ്ടതില്ല.
അവരുടെ വാക്കുകള്‍ക്ക് ഒരു വിലയും നല്‍കേണ്ടതില്ല. ഇത്തരത്തില്‍ സംസാരിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങും.
ചൈനയെപ്പോലെ അതിക്രമിച്ച് കടക്കാനാണ് അവരുടെ ഉദ്ദേശമെങ്കില്‍ ഇന്ത്യന്‍ സൈനികരെപ്പോലെയായിരിക്കും കര്‍ണാടകയും പ്രതികരിക്കുക,” കര്‍ണാടക നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ ബൊമ്മൈ പറഞ്ഞു.
സഞ്ജയ് റാവത്തിന്റെ പ്രസ്താവനയും നേരത്തെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
”എത്ര ഇഞ്ച് ഭൂമി എന്നതൊന്നുമല്ല ഇവിടെ വിഷയം. അതിപ്പോള്‍ കേന്ദ്രത്തിലുള്ള അവരുടെ സര്‍ക്കാരും ഒരിഞ്ച് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞിട്ട് ചൈന ഇങ്ങോട്ട് കയറിവന്നില്ലേ. അതുപോലെ ഞങ്ങളും കടന്നുകയറും. അങ്ങനെ കയറിച്ചെല്ലാന്‍ ഞങ്ങള്‍ക്കാരുടെയും അനുവാദം വേണ്ട.
പക്ഷെ ഈ രാജ്യം ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈ അറിഞ്ഞുകൊണ്ട് കാര്യങ്ങള്‍ ആളിക്കത്തിക്കാന്‍ നോക്കുകയാണ്. മഹാരാഷ്ട്രയിലെ ദുര്‍ബലരായ സര്‍ക്കാരാണെങ്കിലോ കൃത്യമായ ഒരു നിലപാടുമെടുക്കുന്നില്ല.
നൂറിലേറെ പേര്‍ ജീവന്‍ വരെ നല്‍കിയ ഒരു വിഷയത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിലപാടെടുക്കുന്നില്ലെങ്കില്‍ പിന്നെ, ബൊമ്മൈയെ പോലുള്ളവര്‍ ഇങ്ങനെ ബഹളം വെച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളു. കര്‍ണാടകയിലെ ജനങ്ങളോട് ഞങ്ങള്‍ക്ക് ഒരു വ്യക്തിവിരോധവുമില്ല. ആ സര്‍ക്കാരുമായോ ജനങ്ങളുമായോ വ്യക്തിപരമായി ഒരു പ്രശ്നവുമില്ല.
ഇത് 70 വര്‍ഷമായി തുടരുന്ന പ്രശ്നമാണ്. ജനങ്ങള്‍ക്ക് മേല്‍ വലിയ അതിക്രമമാണ് നടക്കുന്നത്. അതിനെതിരെ ഞങ്ങള്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തും,” എന്നായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്.
അതേസമയം, അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
നേരത്തെ തര്‍ക്കപ്രദേശമായ ബെലഗാവിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്നൂറോളം പേരെ കര്‍ണാടക തിരിച്ചയക്കുകയും ഇതില്‍ ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളില്‍ ചിലരെയും മഹാരാഷ്ട്ര പൊലീസ് നേരത്തെ കരുതല്‍ തടവിലാക്കിയിരുന്നു.
മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെലഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെളഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.
കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു. 2022 നവംബറില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.
തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മൈ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്.
Content Highlight: Karnataka CM Basavaraj Bommai says Shivsena’s Sanjay Raut is a traitor and Chinese Agent