| Saturday, 27th August 2022, 4:55 pm

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണങ്ങളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം: കര്‍ണാടക മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ‘ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണ’ങ്ങളാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നാണ് ബൊമ്മൈ പറഞ്ഞത്.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

ബി.ജെ.പി കേന്ദ്ര നേതൃത്വം തനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഹൈക്കമാന്‍ഡ് തനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും ബി.എസ്. യെദിയൂരപ്പ തന്റെ പ്രചോദനമാണെന്നുമാണ് ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മൈ പറഞ്ഞത്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ കളിപ്പാവയാണ് (Puppet) എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോടും ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

”ബി.എസ്. യെദിയൂരപ്പയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രോഗ്രാമുകളില്‍ നിന്നുമാണ് ഞാന്‍ പ്രചോദനമുള്‍ക്കൊള്ളുന്നത്. അദ്ദേഹം ഒരു മാസ് ലീഡറാണ്.

എന്നെ ഭരിക്കാന്‍ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. എന്റെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല,” ബൊമ്മൈ പറഞ്ഞു.

മുന്‍ഗാമിയായ ബി.എസ്. യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒരു മുന്നറിയിപ്പും കൂടാതെ ഇറങ്ങേണ്ടി വന്നതിനെക്കുറിച്ചും, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബൊമ്മൈക്ക് പകരം പുതിയ ആളെ ബി.ജെ.പി കൊണ്ടുവരുമോ എന്നുമുള്ള ചോദ്യത്തിന്, ‘എല്ലാ ദിവസവും ഞായറാഴ്ചയല്ല, ഹൈക്കമാന്‍ഡ് എനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്’ എന്നായിരുന്നു ബൊമ്മൈയുടെ മറുപടി.

തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസിന്റെ പിന്തുണയുള്ളവരാണ് അതിന് പിന്നിലെന്നും ‘ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ പരീക്ഷണ ശാല’യായി കണക്കാക്കപ്പെടുന്ന കര്‍ണാടകയുടെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെയും (anti-conversion law) ബൊമ്മൈ അഭിമുഖത്തില്‍ ന്യായീകരിച്ചു.

Content Highlight: Karnataka CM Basavaraj Bommai says BJP has given him a Free Hand, Congress is the reason for the issues in the state

We use cookies to give you the best possible experience. Learn more