വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ കര്‍ണാടകയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; സിദ്ധരാമയ്യയുടെ മോദി-ഹിറ്റ്‌ലര്‍ പരാമര്‍ശത്തിന് ബൊമ്മൈയുടെ മറുപടി
national news
വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ കര്‍ണാടകയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; സിദ്ധരാമയ്യയുടെ മോദി-ഹിറ്റ്‌ലര്‍ പരാമര്‍ശത്തിന് ബൊമ്മൈയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 8:22 am

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തി സംസാരിച്ച കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ഇത്തരം ‘വിലകുറഞ്ഞ’ (cheap) പരാമര്‍ശങ്ങള്‍ കര്‍ണാടകയുടെ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നായിരുന്നു ബൊമ്മൈയുടെ പരാമര്‍ശം.

”രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് മോദിയുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാം. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്തും സമാനമായ മോശം വാക്കുകള്‍ അദ്ദേഹത്തിനെതിരെ (മോദി) ഉപയോഗിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ എത്ര പറഞ്ഞാലും അവര്‍ (ബി.ജെ.പി) വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും?,” കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ പ്രധാനമന്ത്രിയെ കുറിച്ച് പ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ നഞ്ചഗുഡിലെ (Nanjagud) സുത്തൂര്‍ (Suttur) ഗ്രാമത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൊമ്മൈ.

”ഇത്തരമൊരു അഭിപ്രായം കര്‍ണാടകയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല, അത് സിദ്ധരാമയ്യ മനസ്സിലാക്കിയിരിക്കണം. മുമ്പത്തെ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും വിമര്‍ശനമുണ്ടാകട്ടെ.

എന്നാല്‍ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ മുന്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള സിദ്ധരാമയ്യയുടെ നിലവാരത്തിന് ചേര്‍ന്നതല്ല”.

സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, ഓരോ സ്ത്രീകള്‍ക്കും മാസം 2000 രൂപ വീതം നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ തന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ സന്യാസം സ്വീകരിക്കുമെന്ന സിദ്ധരാമയ്യയുടെ അവകാശവാദങ്ങളെ കുറിച്ചും ബൊമ്മൈ പ്രതികരിച്ചു.

”രാഷ്ട്രീയ സന്ന്യാസത്തിന്റെ അത്തരമൊരു സാഹചര്യം ഉടനെ വരും,” എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ ഇതിനോടുള്ള മറുപടി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ നിന്നാണ് കോണ്‍ഗ്രസ് ഇത്തരമൊരു വാഗ്ദാനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിദ്ധരാമയ്യ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വൈദ്യുതി വിതരണ കമ്പനികളുടെ അവസ്ഥയെക്കുറിച്ച് അറിയാം. ഒരുപാട് കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും എന്നാല്‍ മറ്റെന്തൊക്കെയോ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പേരുകേട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്,’ ബൊമ്മൈ പറഞ്ഞു.

Content Highlight: Karnataka CM Basavaraj Bommai reaction on Siddaramaiah’s comparison of PM Modi with Hitler